ചേലക്കര: കൂട്ട ആത്മഹത്യാശ്രമത്തിന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ ശൈലജ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞദിവസമാണ് അമ്മയും രണ്ട് മക്കളും ജീവനൊടുക്കാൻ ശ്രമിച്ചത്. ആറ് വയസ്സുകാരി അണിമ അന്ന് തന്നെ മരിച്ചിരുന്നു. നാലു വയസ്സുകാരൻ അക്ഷയ് ചികിത്സയിൽ തുടരുകയാണ്.
രണ്ടാഴ്ച മുൻപാണ് ശൈലജയുടെ ഭർത്താവ് പ്രദീപ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംഭവം നടന്ന ദിവസം രാവിലെ മുതൽ കുടുംബം വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രി വൈകിയിട്ടും വീട്ടിൽ വെളിച്ചം കാണാതായതോടെയാണ് നാട്ടുകാർ വീട് കുത്തിത്തുറന്ന് പരിശോധിച്ചത്. പിന്നാലെ മൂവരെയും മുറിക്കുള്ളിൽ ബോധരഹിതമായി കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറ് വയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. ശൈലജയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)