kpcc
കോൺഗ്രസ് നേതാക്കൾSource: News Malayalam 24x7

"കൂടിയാലോചന എന്ന പേരില്‍ നടന്നത് പ്രഹസനം, പട്ടിക തയാറാക്കിയത് ഷാഫി പറമ്പിലും വിഷ്ണുനാഥും ചേര്‍ന്ന്"; കെപിസിസി-ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി

പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി
Published on

ഡൽഹി: കെപിസിസി- ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിലും വിഷ്ണുനാഥും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്ന് പരാതിയിൽ പറയുന്നു. കൂടിയാലോചന എന്ന പേരില്‍ നടന്നത് പ്രഹസനമാണെന്നാണ് കെ. സുധാകരന്‍റെ പരാതി. ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പലയിടത്തും നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും ആക്ഷേപമുണ്ട്. കൊടിക്കുന്നേൽ സുരേഷ്, ബെന്നിബഹ്നാൻ, എം കെ രാഘവൻ അടക്കമുള്ളവരുമായി ഹൈക്കമാൻ് വീണ്ടും ചർച്ച നടത്തും. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.

കെപിസിസി-ഡിസിസി ഭാരവാഹികളുടെ പാനൽ പട്ടികയിൽ കേരള എംപിമാർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഡൽഹിയിലെ വസതിയിൽ കെ. സുധാകരൻ , ബെന്നി ബെഹ്നാൻ , എം.കെ. രാഘവൻ അടക്കമുള്ളവർ യോഗം ചേർന്നിരുന്നു. എല്ലാവരുമായി കൂടിയാലോചിച്ച് പുനഃസംഘടന പൂർത്തിയാക്കുമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്.

kpcc
ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തിൽ അവ്യക്തത; ഡൽഹിയിൽ കോൺഗ്രസ് പുനഃസംഘടനാ ചർച്ച തുടരുന്നു

അതേസമയം ഒൻപത് ഡിസിസികളിൽ അധ്യക്ഷന്മാർ മാറുമെന്നാണ് വിവരം. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ഡിസിസികളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. തൃശൂരിൽ പുതിയതായി നിയമിച്ച അധ്യക്ഷനാണ്. മറ്റു നാലിടങ്ങളിലെ പ്രവർത്തനം വിലയിരുത്തികൊണ്ടാണ് മാറ്റം വേണ്ടെന്ന നിലപാടിലെത്തിയത്. എന്നാൽ ഇതിനോട് എല്ലാ നേതാക്കളും യോജിച്ചിട്ടില്ല.

ചുരുക്കപ്പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നും നാലും വരെ പേരുകളാണ് ഓരോ ജില്ലയിൽ നിന്നും ഉയരുന്നത്. പേരുകളുടെ കാര്യത്തിലും സമവായത്തിലെത്താൻ നേതാക്കൾക്കായിട്ടില്ല. നിലവിൽ കൊണ്ടുവന്ന മാനദണ്ഡങ്ങളിൽ വ്യക്തത കുറവുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ചുമതല മാറുന്നതോടെ, ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് നീക്കം. മുതിർന്ന നേതാക്കൾക്കും യുവജനങ്ങൾക്കും കെപിസിസി ചുമതല നൽകിയേക്കും. അങ്ങനെയെങ്കിൽ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ആകും.

News Malayalam 24x7
newsmalayalam.com