'എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍'; പുസ്തകത്തിനെതിരെ എംടിയുടെ കുടുംബം

പുസ്തകം ഉടനടി പിന്‍വലിക്കണമെന്ന് ആവശ്യം
'എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍'; പുസ്തകത്തിനെതിരെ എംടിയുടെ കുടുംബം
Published on
Updated on

ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ 'എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത്.

എം.ടിയേയും മുന്‍ ഭാര്യ പ്രമീള നായരേയും കുറിച്ചാണ് പുസ്‌കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, പുസ്‌കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് എം.ടിയുടെ മക്കളായ സിതാരയും അശ്വതിയും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്‌തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് കുറിപ്പില്‍ പറയുന്നു.

അതുവഴി ആര്‍ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോകാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. പുസ്തകത്തില്‍ പറഞ്ഞ പല കാര്യങ്ങളും കേട്ടറിവ് മാത്രം വെച്ചുള്ളതും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും പരാമര്‍ശങ്ങളും അടിസ്ഥാനരഹിതവുമാണ്.

പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് മനോവിഷമവും അപമാനവും ഉണ്ടാക്കി. പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അര്‍ധ സത്യങ്ങളും കളവും വളച്ചൊടിച്ചതുമാണെന്ന് വായനക്കാരെ അറിയിക്കുന്നു.

പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രമീള നായരുടേയും എംടിയുടേയും മകളാണ് സിതാര. കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com