കോഴിക്കോട്: കക്കൂസ് മുറിയിൽ കഴിയേണ്ടി വന്ന വയോധികന് വീട് നിർമിച്ച് നൽകുമെന്ന് മുക്കം നഗരസഭ. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട് നിർമാണം അടിയന്തരമായി തുടങ്ങാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. ഇന്ന് ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി പറഞ്ഞു.
മുൻപ് താമസിച്ചിരുന്ന പഴയ ഷെഡ് പൊളിഞ്ഞതിനു ശേഷമാണ് 60കാരൻ ശുചിമുറിയിൽ താമസം തുടങ്ങിയത്. ഒരാൾക്ക് കിടക്കാൻ പോലും ഇടമില്ലാത്ത കക്കൂസ് മുറിയിലാണ് കഴിഞ്ഞ രണ്ട് വർഷമായി സദാനന്ദൻ താമസിക്കുന്നത്. ഈ കക്കൂസ് മുറിയിൽ വൈദ്യുതി സൗകര്യം പോലുമില്ല.
വീടില്ലാതെ കക്കൂസിൽ താമസിക്കുന്ന ഇയാൾക്ക് നഗരസഭയുടെ നികുതി അടക്കണമെന്നുള്ള നോട്ടീസും വന്നിരുന്നു. പിന്നാലെയാണ് നാട്ടുകാരടക്കം ഇടപെട്ട് വാർത്ത പുറത്തുകൊണ്ടുവന്നത്.
പനയിൽ നിന്ന് വീണ് പരിക്ക് പറ്റിയതിന് ശേഷം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് സദാനന്ദൻ. നാട്ടുകാരുടെ സഹായത്തിൽ വീടിന് തറയിട്ടെങ്കിലും പണി തുടങ്ങാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. നഗരസഭ സഹായിച്ച് സദാനന്ദന് വീട് നിർമിച്ചുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.