കേരളത്തിന്റെ മനസ് പിടഞ്ഞ ദുരന്തത്തിന് രണ്ടാണ്ട്; അതിജീവനത്തിന്റെ പാതയില്‍ മുണ്ടക്കൈയും ചൂരല്‍മലയും

രണ്ടാം വാർഷിക ദിനത്തിൽ ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയ ഭൂമിയിൽ സർവമത പ്രാർഥന സംഘടിപ്പിക്കും
കേരളത്തിന്റെ മനസ് പിടഞ്ഞ ദുരന്തത്തിന് രണ്ടാണ്ട്;  അതിജീവനത്തിന്റെ പാതയില്‍ മുണ്ടക്കൈയും ചൂരല്‍മലയും
Published on
Updated on

കേരളത്തിന്റെ മനസ് പിടഞ്ഞ വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളാലൊന്നായി മാറിയ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 298 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. രണ്ടാം വാർഷിക ദിനത്തിൽ ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയ ഭൂമിയിൽ സർവമത പ്രാർഥന സംഘടിപ്പിക്കും. ദുരന്ത ബാധിതർ താമസിക്കുന്ന സർക്കാർ ടൗൺ ഷിപ്പിലും, വെള്ളാർ മല സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ചൂരൽമല ബെയിലി പാലത്തിന് സമീപവും പുഷ്പാർച്ചന നടത്തും.

കൂരിരുട്ടിൽ പുന്നപ്പുഴയിലൂടെ ആർത്തലച്ചെത്തിയ വെള്ളവും പാറക്കല്ലുകളും കൂറ്റൻ മരങ്ങളും പുഞ്ചിരിമട്ടവും, മുണ്ടക്കൈയും ചൂരൽ മലയും അടങ്ങുന്ന ഒരു നാടിനെ നിമിഷ നേരംകൊണ്ടാണ് തുടച്ചു നീക്കിയത്. ദുരന്തത്തിലകപ്പെട്ട പലരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത് തൊട്ടടുത്ത ജില്ലയിലെ ചാലിയാർ പുഴയിൽ നിന്ന്. 35 പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. സർക്കാർ കണക്കു പ്രകാരം 1,084 കുടുംബങ്ങളെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. ദുരന്ത ദിവസത്തെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമാകാൻ കഴിഞ്ഞിട്ടില്ല ദുരന്ത ബാധിതരില്‍ പലര്‍ക്കും.

മലയാളികൾ ഒന്നടങ്കം എല്ലാം മറന്ന് ദുരന്ത ബാധിതർക്കായി കൈകോർത്തപ്പോൾ മുണ്ടക്കൈ ചൂരൽ മല നിവാസികൾ അതിജീവനത്തിൻ്റെ പാതയിലേക്ക് പിച്ചവെച്ചു. സർക്കാരും, രാഷ്ട്രീയ സംഘടനകളും, സന്നദ്ധ സംഘടനകളും ദുരന്ത ബാധിതർക്കായി വീടൊരുക്കി. എന്നിരുന്നാലും ദുരന്ത ബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച പല വാഗ്‌ദാനങ്ങളും ഇതുവരേയും നടപ്പാക്കിയിട്ടില്ല. ദുരന്ത ബാധിതരിൽ പലരും ഇപ്പോഴും താമസിക്കുന്നത് വാടക വീടുകളിൽ തന്നെയാണ്. രണ്ടാം വാർഷിക ദിനത്തിൽ ദുരന്തത്തിൽ നഷ്ടമായ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയഭൂമിയിലേക്ക് മുണ്ടക്കെ ചൂരൽമല നിവാസികളെത്തും.

News Malayalam 24x7
newsmalayalam.com