

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലും മുരാരി ബാബു ക്രമക്കേട് നടത്തിയതായി സംശയം. മുരാരി ബാബുവിനെതിരായ ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായതിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് സംശയം. ഭക്തരിൽനിന്ന് രസീത് വാങ്ങാതെ പണം വാങ്ങിയെന്നും കണ്ടെത്തൽ. 2021ൽ ക്ഷേത്രത്തിൽ തീപിടിച്ചത് മറച്ചുവെച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
2022ൽ ദേവസ്വം വിജിലൻസാണ് നടപടിക്ക് ശുപാർശ ചെയ്തത്. അന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ഇയാളുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്യണമെന്നും വിജിലൻസിൻ്റെ ശുപാർശയുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ട് ദേവസ്വം ബോർഡ് അവഗണിച്ചു.
ഹരിപാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായ മുരാരി ബാബുവിനെ ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്രമക്കേട് പുറത്തുവരുന്നത്.
സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്താതെ ചെമ്പ് പാളിയെന്ന് മാത്രം രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിവാദ കാലയളവില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ മുരാരി ബാബു മാത്രമാണ് സര്‍വീസില്‍ തുടരുന്നത്. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
ദ്വാരപാലക ശില്‍പത്തിലേത് ചെമ്പുപാളിയെന്ന് 2019ല്‍ രേഖപ്പെടുത്തിയത് ശബരിമല തന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരമെന്ന് മുരാരി ബാബു പറഞ്ഞിരുന്നു. താന്‍ നല്‍കിയത് പ്രിലിമിനറി റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണെന്നും മുരാരി ബാബു പറഞ്ഞു.