ഇത് ഇടതുപക്ഷ സർക്കാരല്ല അവർ വലുതുപക്ഷമായി മാറി; സംസ്ഥാനം വളരെ പിറകോട്ട് പോകുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം
പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ
പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ
Published on
Updated on

കോഴിക്കോട്: തലതിരിഞ്ഞ നയങ്ങൾ നടപ്പാക്കി സംസ്ഥാന സർക്കാർ പൊതു മേഖലയെ തകർക്കുകയാണെന്ന വിമർശനവുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനം വളരെ പിറകോട്ട് പോകുകയാണ്. ഇത് ഇടതുപക്ഷ ഗവണ്മെന്റ് അല്ല, അവർക്ക് ആ പേര് ചേരില്ല. അവർ വലുതുപക്ഷമായി മാറി. കേന്ദ്ര സർക്കാരും ഇങ്ങനെ തന്നെയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു. യുഡിഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരും കേരള സർക്കാരും സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വിമർശിച്ചു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിലപാടുകളാണ് ഇരുസർക്കാരുകളും സ്വീകരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പേര് പോലും തൊഴിൽ മേഖലയിൽ നിന്ന് എടുത്തു മാറ്റുന്നു. ലക്ഷ്യം തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതെ ആക്കുക എന്നത് ആണ്. ആശ വർക്കർമാരുടെ സമരം നടന്നപ്പോൾ, ആശ വർക്കർമാരെ നിരാശ വർക്കർമാർ ആക്കി മാറ്റി. ഇലക്ഷൻ വന്നപ്പോൾ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ആവശ്യം ഉള്ളപ്പോൾ അവരെ അവഗണിച്ചു. ഇനി വരാൻ പോകുന്നത് ഒരു വലിയ സമരം ആണെന്നും അതിൽ ഈ സർക്കാർ ഒലിച്ചു പോയി യുഡിഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര ബജറ്റിലെ കടലാമ പരിചരണത്തിനുള്ള പദ്ധതി കേരളത്തെ അപമാനിക്കുന്നത് പോലെയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബജറ്റ് കേരളത്തെ വെല്ലുവിളിക്കുന്നത് പോലെയാണ്. ജലപാത അനുവദിക്കാത്തത് വിവേചനമാണ്. ജലപാത ഇല്ലാത്ത സംസ്ഥാനത്തിന് വരെ പദ്ധതി അനുവദിച്ചു. എയിംസ് എന്ന് കേട്ട് ജനം മടുത്തു, ബജറ്റ് വിവേചനത്തിന് എതിരെ യുഡിഎഫ് സമരം ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com