മലപ്പുറം: തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതികരിച്ച് ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി. സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം എന്തെന്ന് ഫേസ് ബുക്ക് കുറിപ്പിൽ രണ്ടത്താണി ചോദിച്ചു. പ്രാദേശിക ഘടകം ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാർഥിയാക്കിയത് എന്നും രണ്ടത്താണി പറഞ്ഞു. "ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്." എന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
"ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. "