മലപ്പുറത്ത് ഡബിൾ വിസ്മയം! അബ്ദുറഹ്മാൻ രണ്ടത്താണിയും കുന്നത്ത് മുഹമ്മദും ഇടത് സ്ഥാനാർഥികൾ

അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിലും കുന്നത്ത് മുഹമ്മദ് മങ്കടയിലും സ്ഥാനാർഥിയാകും...
അബ്ദുറഹ്മാൻ രണ്ടത്താണിയും കുന്നത്ത് മുഹമ്മദും ഇടത് സ്ഥാനാർഥികളാകും
അബ്ദുറഹ്മാൻ രണ്ടത്താണിയും കുന്നത്ത് മുഹമ്മദും ഇടത് സ്ഥാനാർഥികളാകുംSource: FB
Published on
Updated on

മലപ്പുറം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് മലപ്പുറത്തെ ഇടത് സ്ഥാനാർഥികളിൽ വമ്പൻ ട്വിസ്റ്റ്. മുസ്ലീം ലീഗിനോട് ഇടഞ്ഞ അബ്ദുറഹ്മാൻ രണ്ടത്താണി ഇടത് സ്ഥാനാർഥിയാകും. അബ്ദുറഹ്മാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കും. മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്കും മാറും. താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് മന്ത്രി സിപിഐഎമ്മിനെ അറിയിച്ചിരുന്നു. മങ്കടയിലെ സിപിഐഎം സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് നേതാവ് കുന്നത്ത് മുഹമ്മദ് സ്ഥാനാർഥിയാകും. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർണായക തീരുമാനം.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ട് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പിഎംഎ സമീറിനെതിരെ ആയിരുന്നു പോസ്റ്റ് പങ്കുവച്ചത്. ആരും വിമർശനത്തിന് അതീതരല്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് സിപിഐഎം സ്ഥാനാർഥി ചർച്ചകളുമായി രണ്ടത്താണിയെ സമീപിച്ചത്. അബ്ദുറഹിമാൻ രണ്ടത്താണി സ്ഥാനാർഥിയായാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഐഎമ്മിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10,000ൽ താഴെ വോട്ടുകൾക്ക് മാത്രമാണ് മണ്ഡലത്തിൽ മുസ്ലീം ലീഗ് വിജയിച്ചത്. നേരത്തെ സിപിഐ സ്ഥാനാർഥിയായി അജിത് കൊളാടിയെ പ്രഖ്യാപിച്ചിരുന്നു.

അബ്ദുറഹ്മാൻ രണ്ടത്താണിയും കുന്നത്ത് മുഹമ്മദും ഇടത് സ്ഥാനാർഥികളാകും
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പിളർപ്പിലേക്ക്; മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർജെഡി

താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ സിപിഐഎമ്മിനെ അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ താൽപര്യം പരിഗണിച്ചാണ് ഇപ്പോൾ തിരൂരിലേക്ക് മാറ്റിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതുവരെ അബ്ദുറഹിമാൻ തയ്യാറായിരുന്നില്ല.

മങ്കടയിലെ സിപിഐഎം സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് നേതാവും മണ്ഡലം മുസ്ലീം ലീഗ് മുൻ പ്രസിഡൻ്റുമായ കുന്നത്ത് മുഹമ്മദ് സ്ഥാനാർഥിയാകും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അലവിയെയായിരുന്നു നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. മഞ്ഞളാംകുഴി അലിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. കുന്നത്ത് മുഹമ്മദ് മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കുകയും കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തിരുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കുന്നത്ത് മുഹമ്മദിനെ മുസ്ലീം ലീഗിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് കുന്നത്ത് മുഹമ്മദിനെ സിപിഐഎം സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സീറ്റ് നൽകാത്തതിൽ മുസ്ലീം ലീഗ് നേതാവ് ഷാഫി ചാലിയവും കടുത്ത അതൃപ്തിയിലാണ്. വള്ളിക്കുന്നിൽ സ്ഥാനാർഥിയാക്കണം എന്നാണ് ഷാഫി ചാലിയത്തിൻ്റെ ആവശ്യം. സ്വതന്ത്ര സ്ഥാനാർഥിയായാൽ പിന്തുണക്കാനാണ് എൽഡിഎഫ് തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com