'വി.കെ. ഇബ്രാഹിംകുഞ്ഞ് ഹൃദയങ്ങളില്‍ സ്‌നേഹ പാലം പണിത വ്യക്തി, നിര്യാണം വേദനിപ്പിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി'; അനുസ്മരിച്ച് ലീഗ് നേതാക്കള്‍

ജ്യേഷ്ഠ തുല്യനായ ഒരാളെയാണ് നഷ്ടമായതെന്ന് എം.കെ. മുനീര്‍ പ്രതികരിച്ചു.
'വി.കെ. ഇബ്രാഹിംകുഞ്ഞ് ഹൃദയങ്ങളില്‍ സ്‌നേഹ പാലം പണിത വ്യക്തി, നിര്യാണം വേദനിപ്പിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി'; അനുസ്മരിച്ച് ലീഗ് നേതാക്കള്‍
Published on
Updated on

മലപ്പുറം: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് ഉണ്ടായത് കനത്ത നഷ്ടമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിയാണ് അദ്ദേഹം പാര്‍ട്ടിയുടെ മതേതര മുഖമായിരുന്നു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നുവെന്നും ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.

പി.കെ. കുഞ്ഞാലിക്കുട്ടി

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണം വേദനിപ്പിക്കുന്നുവെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും അനുസ്മരിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്ന് കണ്ടിട്ട് വരുമ്പോള്‍ നല്ല നിലയിലായിരുന്നു. അസുഖ ബാധിതനായതിനാല്‍ കുറച്ചുകാലമായി സജീവരാഷ്ട്രത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ലീഗിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച നേതാവു കൂടിയാണ് അദ്ദേഹം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ വലിയ പങ്കുവഹിച്ചു.

സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തിയായിരുന്നു. പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിലെ റോഡുകള്‍ നല്ല നിലയില്‍ പരാതി കൂടാതെ കൊണ്ടുനടന്ന് കഴിവ് പ്രകടിപ്പിച്ച മന്ത്രിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവന ചെറുതല്ല. ഉയര്‍ച്ചയും താഴ്ചയും വിമര്‍ശനങ്ങളുമെല്ലാം തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്തു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. നാളെ രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ. മുനീര്‍

ജ്യേഷ്ഠ തുല്യനായ ഒരാളെയാണ് നഷ്ടമായതെന്ന് എം.കെ. മുനീര്‍ പ്രതികരിച്ചു. കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട പ്രതീതിയാണ്. ഇബ്രാഹിം കുഞ്ഞുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധമായിരുന്നു. ക്യാബിനറ്റിലും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും എം.കെ. മുനീര്‍ ഓര്‍ത്തെടുത്തു.

സമുന്നതനായ നേതാവിനെയാണ് മുസ്ലിം ലീഗിന് നഷ്ടപ്പെട്ടത്. വി.കെ. ഇബ്രാഹിം കുഞ്ഞ് മികച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹം നടത്തിയ അടിസ്ഥാന വികസനങ്ങള്‍ എക്കാലവും അടയാളപ്പെടുത്തപ്പെടുന്നവയാണെന്നും എം.കെ മുനീര്‍ അനുസ്മരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com