IMPACT | മുസിരിസ് പൈതൃക പദ്ധതി നേരിട്ടത് കടുത്ത അവഗണന; ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

"കുറേ അധികം കോടികൾ ഇതിനോടകം വിനയോഗിച്ചിട്ടുണ്ടെങ്കിലും ജനങ്ങളിലേക്കും സഞ്ചാരികളിലേക്കും പദ്ധതി എത്തിക്കാനായില്ല"
IMPACT | മുസിരിസ് പൈതൃക പദ്ധതി നേരിട്ടത് കടുത്ത അവഗണന; ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
Published on
Updated on

തൃശൂരിലെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് നേരിടുന്ന അവഗണനയെക്കുറിച്ചുള്ള ന്യൂസ് മലയാളം വാര്‍ത്തയെ അഭിനന്ദിച്ച് സാംസ്കാരിക-ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. മുസിരിസ് പദ്ധതി നേരിട്ട അവഗണനയെക്കുറിച്ചുള്ള വാര്‍ത്ത ശരിയാണെന്നും, വളരെ ഗൗരവത്തിൽ വിഷയം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കുറേ അധികം കോടികൾ ഇതിനോടകം വിനയോഗിച്ചിട്ടുണ്ടെങ്കിലും ജനങ്ങളിലേക്കും സഞ്ചാരികളിലേക്കും പദ്ധതി എത്തിക്കാനായില്ല. മുസിരിസ് ചരിത്രം ലോകത്തെ ഏത് ചരിത്രാന്വേഷികൾക്കും താല്‍പ്പര്യമുള്ള വിഷയമാണ്, താനടക്കം അതേക്കുറിച്ച് പഠിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ മുതൽ ആലപ്പുഴ വരെ പദ്ധതി ദീർഘിപ്പിക്കുകയും 19 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ തുക വിനിയോഗിച്ച് പൂർത്തിയായ പദ്ധതികളെ സംയോജിപ്പ് പദ്ധതി കാര്യക്ഷമമാക്കും. ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് നിലവിലെ പദ്ധതികളെ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു നൽകാമെന്നാണ് വിചാരിക്കുന്നത്. മുസിരിസ് പദ്ധതി പലഘട്ടങ്ങളിലായി നേരിട്ടത് കടുത്ത അവഗണനയാണെന്നും മന്ത്രി ന്യൂസ് മലയാളത്തോടു പറഞ്ഞു.

ചേര രാജവംശത്തിന്റെ പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂരാണ് നൂറ്റാണ്ടുകൾക്ക് മുൻപ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടത്. ലോകത്തിന്റെ സുഗന്ധവ്യഞ്ജന തലസ്ഥാനമായിരുന്ന മുസരിസിലൂടെ പലകാലഘട്ടങ്ങളിലായി ലോകം ഇന്ത്യയിലേക്ക് വിരുന്നിനെത്തി. 2,500 വർഷം മുൻപ് ഈ നാടിനെ തേടിയെത്തിയ ഗ്രീക്കുകാരുടെയും ജൂതന്മാരുടെയും റോമക്കാരുടെയും യൂറോപ്യന്മാരുടെയും ചരിത്ര സംസ്കാരങ്ങളുടെ കൂടി ചുരുക്കെഴുത്താണ് മുസിരിസ് പൈതൃക പദ്ധതി.

IMPACT | മുസിരിസ് പൈതൃക പദ്ധതി നേരിട്ടത് കടുത്ത അവഗണന; ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
വെറും പ്രഖ്യാപനങ്ങളും വാഗ്‍ദാനങ്ങളും മാത്രം; മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന് ഇന്നും അവഗണന

ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതി എന്ന നിലയിലും കേരളത്തിലെ ആദ്യ ഹരിത പദ്ധതിയെന്ന നിലയിലുമാണ് 2009ൽ മുസിരിസിന് തുടക്കം കുറിക്കുന്നത്. യുനെസ്കോയുടെ പിന്തുണയോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി വിശാല ലക്ഷ്യങ്ങളോടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പദ്ധതി ചുരുങ്ങിയ വർഷങ്ങൾക്കകം അവഗണിക്കപ്പെട്ടു.

ഒട്ടേറെ ചരിത്ര സംസ്കാരങ്ങളുടെ സംഗമ കേന്ദ്രമായ വടക്കൻ പറവൂർ താലൂക്കും കൊടുങ്ങല്ലൂർ താലൂക്കും ഉൾപ്പെടുന്നതാണ് മുസരിസിന്റെ പൈതൃക ഭൂമി. പദ്ധതിയിലൂടെ അന്തർദേശീയ ചരിത്ര ടൂറിസം ഇടനാഴിയായി ഈ പ്രദേശമാറുമെന്നും അതിനൊത്ത അനുബന്ധ പ്രവർത്തനങ്ങൾ നടത്തുമെന്നുമായിരുന്നു പ്രഖ്യാപനങ്ങൾ. എന്നാൽ നേതൃത്വത്തിന്റെ വീഴ്ചകളും, സർക്കാർതലത്തിലെ പാളിച്ചകളും, പാതിവഴിയിൽ നിലച്ച അനുബന്ധ പ്രവർത്തനങ്ങളും ഫണ്ടുകളുടെ അപര്യാപ്തതയും പലകാലഘട്ടങ്ങളിലായി പൈതൃക പദ്ധതിക്ക് വിലങ്ങ് തടയായി മാറി.

ചരിത്രാന്വേഷികളും ഗവേഷക -വിദ്യാർഥികളും തിരഞ്ഞെത്തുന്നതിനാൽ മുസിരിസ് പദ്ധതി ഇന്നും നിലനിന്നു പോകുന്നു. പുരാതന ആരാധനാലയങ്ങളെ കൂടാതെ ടൂറിസം കേന്ദ്രങ്ങളെന്ന നിലയിൽ ചില സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രവർത്തിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com