

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വീഴ്ചകൾ സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ ശരീര ഭാഷ ശരിയായില്ല. വാർത്താസമ്മേളനങ്ങൾ വീണ്ടും കണ്ട് നോക്കണമെന്ന് മകൻ തന്നെ പറഞ്ഞു. കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അംഗങ്ങളുടെ വിമർശനം. എന്നാൽ പിണറായി അല്ലാതെ ആരെ പ്രതിപക്ഷ നേതാവാക്കുമെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ മറു ചോദ്യം.
വീട്ടിൽ നിന്ന് പോലും വിമർശനമുണ്ടായി. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചു. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണം എന്നും മകൻ പറഞ്ഞെന്നും ഗോവിന്ദൻ വ്യക്തമാക്കി. പിണറായിയുടെ ധാർഷ്ട്യം പരാജയത്തിന് കാരണമായെന്നും അംഗങ്ങൾ പറഞ്ഞു. പിണറായിക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം.
അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയിലും പാർട്ടി നേതൃത്വത്തിന് മാറ്റം വേണമെന്ന വിമർശനമുയർന്നിരുന്നു. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായിയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി. ഗോവിന്ദനും മാറണമെന്നാണ് ആവശ്യം. ഇരുവരും നേതൃത്വത്തിൽ നിന്ന് അകന്നു പാർട്ടിക്കും പ്രതിപക്ഷത്തിനും പുതിയ മുഖം നൽകണം. ജനങ്ങളോട് മര്യാദപൂർവം പെരുമാറാതിരുന്നതാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് പ്രധാനകാരണമായെന്നും വിമർശനമുയർന്നു.