എറണാകുളം: മന്ത്രി സജി ചെറിയാൻ്റെ വിവാദ പരാമർശത്തെ തള്ളി സിപിഐഎം. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയതയെ രാജ്യത്ത് അതിശക്തമായി എതിർക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും എം.വി. ഗോവിന്ദൻ കൂട്ടിചേർത്തു. സജി ചെറിയാനെ തിരുത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ വി.ഡി. സതീശന് യാതൊരു മടിയുമില്ല. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. അതേസമയം, മന്ത്രി വി. അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിട്ടതിൽ എം.വി. ഗോവിന്ദൻ മൗനം പാലിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇ ഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും നടക്കട്ടെ. ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിദ്ധാരണയില്ല. 20 വർഷം മുമ്പുള്ള കാര്യങ്ങൾ അന്വേഷിക്കണം എന്നാണ് കോടതി നിർദേശം. അന്വേഷണത്തിൽ സിപിഐഎമ്മിന് ഭയമില്ല. തന്ത്രി അറസ്റ്റിലായതോടെ ബിജെപിയുടെ ആവേശം കുറഞ്ഞു. കോൺഗ്രസും ചിത്രത്തിലുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഐഎം ഭവന സന്ദർശനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ ചില പ്രശ്നങ്ങൾ പറയുന്നുണ്ട്. ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.