തിരുവനന്തപുരം: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജാതി മത സമുദായങ്ങൾ ചേർന്ന് ഐക്യത്തോടെ പോകണം എന്നതാണ് സിപിഐഎം നിലപാട്. അതിനെ വ്യക്തിപരമായല്ല കാണുന്നതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളം പോലൊരു വൈവിധ്യ സമൂഹിക പശ്ചാത്തലത്തിൽ എല്ലാ സാമുദായിക സംഘടനകളും ഐക്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതായിരിക്കും. എല്ലാ സാമുദായിക മത വിഭാഗങ്ങളും സാഹോദര്യത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്. സംഘർഷാത്മകമായ ഒരു സാഹചര്യമല്ല ഉണ്ടാകേണ്ടത് എന്നാണ് സിപിഐഎമ്മിൻ്റെ അഭിപ്രായമെന്നും ഐക്യമുണ്ടാകുന്നത് നല്ലതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വർഗീയതക്കെതിരെ പോരാടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനയെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നാണ് സതീശൻ വീരാളിപ്പട്ട് പുതക്കേണ്ടത്. ആർഎസ്എസുകാരന്റെ മുന്നിൽ പോയി വഴങ്ങിയെന്നതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ ഇനിയും ഒപ്പം ചേർത്ത് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. പിന്നെ എന്ത് വർഗീയതക്കെതിരായ പോരാട്ടമാണ് ഉദ്ദേശിക്കുന്നതെന്നും വെറുതെ ഓരോന്ന് പറയുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് കൂട്ടിക്കൊണ്ടു പോവുകയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യം നല്ലതിനാണെന്നും സാമുദായിക സംഘടനകൾ ഒന്നിച്ച് മുന്നോട്ട് പോകുന്നത് നല്ല കാര്യമാണെന്നും വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇവർക്കൊക്കെ നല്ല പാരമ്പര്യം ഉണ്ട്. കൊടുക്കേണ്ട ബഹുമാനം കൊടുക്കാതിരിക്കുന്നത് ശരിയല്ല. അവരെയൊക്കെ വിമർശിക്കുമ്പോൾ അതിര് കടന്നുപോകുന്നതും ശരിയല്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. വി.ഡി. സതീശനെതിരെയും ശിവൻകുട്ടി വിമർശനമുന്നയിച്ചു. ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുമ്പോൾ മറുവശത്ത് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ തെളിവുകളും നമ്മുടെ പക്കൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.