

എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷുക്കൂർ വധക്കേസിനെ തുടർന്ന് സിപിഐഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു. രാഷ്ട്രീയ ഗൂഢാലോചനകളെല്ലാം കോടതിയിൽ തകർന്നു. സിപിഐഎം നേതാക്കളെയും പ്രധാനപ്പെട്ട പ്രവർത്തകരെയും ലക്ഷ്യമിട്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്ന് കള്ളക്കഥ പ്രചരിപ്പിച്ചു. കോൺഗ്രസുകാരും ലീഗുമാണ് ഇതിന് നേതൃത്വം നൽകിയത്. ആ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞു. വർഗീയ പ്രചരണം വരെ ഇതിന്റെ ഭാഗമായി നടന്നു. ഗൂഢാലോചന ഇല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമ നടപടിയുമായി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധി അംഗീകരിച്ചുകൊണ്ട് നിയമപോരാട്ടം തുടരും. പ്രതികൾ പാർട്ടിയുടെ പ്രധാന സജീവ പ്രവർത്തകർ തന്നെയാണ്. മറ്റ് പാർട്ടിക്കാർ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തി. 14 വർഷം മുമ്പ് മാധ്യമങ്ങൾ കെട്ടിച്ചമച്ച കള്ളക്കഥയാണ് ഇപ്പോൾ പൊളിഞ്ഞത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ച നുണക്കോട്ടയാണ് കോടതി വിധിയിലൂടെ തകർന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി നേതാക്കൾക്കെതിരെയുണ്ടായ ആക്രമണത്തിൽ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ നേതാക്കളുടെ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിച്ചത്. പാർട്ടിക്കെതിരായ ആക്രമണം അറിഞ്ഞ് സ്ഥലത്തേക്ക് പോയവരാണ് പിന്നീട് ആക്രമണത്തിന് ഇരയായത്. ഇവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്നായിരുന്നു ഉണ്ടായ ആരോപണമെന്നും അതാണ് തകർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.