

ആലപ്പുഴ: കുട്ടനാട്ടിലെ വിഭാഗീയതയിൽ പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഭാഗീയത കാരണം മേഖലയിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്നും , വിഭാഗീയത അനുവദിക്കില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ താക്കീത് . ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷമുള്ള ജനറൽ ബോഡിയിലാണ് മുന്നറിയിപ്പ് .
പാർട്ടിയിലെ വിഭാഗീയത രൂക്ഷമായതോടെ എം.വി.ഗോവിന്ദനും കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുത്ത കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത് . അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തിരുന്നു . നടപടികൾ അംഗങ്ങളോട് നേരിട്ട് റിപ്പോർട്ട് ചെയ്യുകയായിരുന്നു പാർട്ടി സെക്രട്ടറി. 35 വർഷമായി കുട്ടനാട് പാർട്ടിയിലെ തുരുത്തായി നിൽക്കുകയാണ്. പ്രാദേശിക വിഭാഗീയത അവസാനിപ്പിക്കണം . പാർട്ടിയുടെ ഈറ്റില്ലവും തൊഴിലാളി വർഗത്തിന്റെ കേന്ദ്രവുമാണു കുട്ടനാട്. അവിടെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ സെന്ററിന്റെയും, ജില്ലാ കമ്മിറ്റിയംഗങ്ങൾ ഏരിയ സെന്ററിന്റെയും ഭാഗമായി പ്രവർത്തിക്കണം. കുട്ടനാട്ടിലെ പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു .
തരംതാഴ്ത്തൽ നടപടി നേരിട്ട മുൻ ജില്ലാകമ്മിറ്റി അംഗങ്ങൾ കെ.കെ.അശോകനും ജി.ഉണ്ണിക്കൃഷ്ണനും രണ്ടു ചേരിയായി നിൽക്കുകയായിരുന്നെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ ചൂണ്ടിക്കാട്ടി. ഏരിയ സെക്രട്ടറിയായിരുന്ന ബ്രീവനും ഒരു ഘട്ടത്തിൽ ഒരു പക്ഷത്തിന്റെയാളായെന്നും നാസർ പറഞ്ഞു. ഏരിയയിലെ എല്ലാ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പാർട്ടി അംഗങ്ങളും ജനറൽ ബോഡിയിൽ പങ്കെടുത്തു.