

കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങലിൽ ദുരൂഹത തുടരുന്നതിനിടെ മറുപടി പറയണം എന്ന് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ. വി.ഇ. ഇ.എച്ച് ഗ്ലോബലിൽ നിന്നും വൈദ്യുതി വാങ്ങിയതിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷൻ ബോർഡിന് കത്ത് നൽകിയത്.15 ചോദ്യങ്ങൾക്ക് മറുപടി നൽകാനും കമ്മീഷൻ നിർദേശിച്ചു.
ടെൻഡറും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും ഇല്ലാതെയായിരുന്നു VEEH ഗ്ലോബലിൽ നിന്നും വൈദ്യുതി വാങ്ങിയത്. യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. ഇതിന് അനുമതി തേടിയുള്ള അപേക്ഷയിലാണ് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് കത്ത് തിരികെ നൽകിയത്. കെഎസ്ഇബി സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ വ്യക്തതയില്ലെന്നും റെഗുലേറ്ററി കമ്മീഷൻ പറഞ്ഞു. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലും ദുരൂഹതയുള്ളതായാണ് വിവരം.
റെഗുലേറ്ററി കമ്മീഷന്റെ 15 ചോദ്യങ്ങൾക്ക് മറുപടി നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ാം തീയതി മറുപടി നൽകാനാണ് കെഎസ്ഇബി യോട് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നിരട്ടി വില നൽകി എന്തുകൊണ്ട് വൈദ്യുതി വാങ്ങി, അനുമതി തേടാൻ വൈകിയത് എന്തുകൊണ്ട് തുടങ്ങിയതാണ് ചോദ്യങ്ങൾ.
വൈദ്യുതി വാങ്ങി ഒന്നരമാസത്തോളം വൈകിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യുതിയ്ക്ക് മൂന്നിരട്ടി വില നൽകിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങിയിരിക്കുന്നതെന്നും റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ഊർജ്ജ സെക്രട്ടറി എന്ന നിലയിൽ എംജി രാജമാണിക്യമായിരുന്നു VEEH ഇൽ നിന്നും വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്.