വയനാട്: കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് ആവർത്തിച്ച് എൻ. എം. വിജയൻ്റെ മരുമകൾ പത്മജ. കരാർ പ്രകാരം ഇനി 5 ലക്ഷം രൂപ തരാനുണ്ടെന്നും, വീടിൻ്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് തരാം എന്നും കരാറിൽ പറയുന്നുണ്ടെന്നും പത്മജ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കെപിസിസി പ്രസിഡൻ്റും ടി. സിദ്ദിഖും പറയുന്നത്. കരാറിനെ കുറിച്ച് വ്യക്തത കോൺഗ്രസ് വ്യക്തത വരുത്തണമെന്നും, ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആളുകളുടെ മേലേക്ക് കുതിര കയറാൻ വരരുതെന്നും പത്മജ ആവശ്യപ്പെട്ടു.
ടി. സിദ്ദിഖിനെയും അവരുടെ പിഎയേയും മാറിമാറി വിളിച്ചിരുന്നു. മിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരു തവണ പോലും ഫോൺ എടുക്കാൻ അവർ തയ്യാറായില്ല. എന്നാൽ ഇന്നലെ രാവിലെ രണ്ട് തവണ അവരുടെ നമ്പറിൽ നിന്നും കോൾ വന്നിരുന്നുവെങ്കിലും താൻ കോൾ അറ്റൻഡ് ചെയ്തില്ലെന്നും പത്മജ പറഞ്ഞു.
കരാർ പ്രകാരം വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ലോൺ ഇനത്തിൽ 25 ലക്ഷം രൂപ നൽകും എന്നാണ് പറഞ്ഞതെന്ന് എൻ. എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. ഇതുകൊണ്ട് കടം തീരില്ല. 20 ലക്ഷം രൂപ രണ്ട് ഘട്ടമായി തന്നിട്ടുണ്ട്. കൽപ്പറ്റയുള്ള വക്കീൽ മുഖാന്തരമാണ് ടി. സിദ്ദിഖ് എംഎൽഎയുമായി കരാർ വച്ചത്. കരാറിൻ്റെ കോപ്പി നൽകുകയോ, എംഎൽഎയെ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്തിരുന്നില്ല. എന്തുകൊണ്ടാണ് കരാർ ഇല്ല എന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത് അറിയില്ലെന്നും, മുതിർന്ന നേതാക്കളെ കാണണം എന്നാണ് ആലോചിക്കുന്നതെന്നും വിജേഷ് വ്യക്തമാക്കി.