
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വീണ്ടും വിമർശനവുമായി എൻ. പ്രശാന്ത് ഐഎഎസ്. എ. ജയതിലകിനെ തുടരും എന്ന ചിത്രത്തിലെ പ്രതിനായകൻ ജോർജ് സാറുമായി താരതമ്യം ചെയ്തായിരുന്നു എൻ. പ്രശാന്തിൻ്റെ പോസ്റ്റ്. ഡോ. ജയതിലകിനെതിരെ നിയമലംഘനങ്ങളുടെ പട്ടിക എടുത്താൽ പൊലീസ് മർദനങ്ങളേക്കാൾ അധികം വരുമെന്നും, ഇരകളുടെ എണ്ണമെടുത്താൽ ഞെട്ടുമെന്നും എൻ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡോ. ബി. അശോകിൻ്റെ ട്രാൻസ്ഫർ ഉത്തരവിൽ ചട്ടലംഘനമുണ്ടെന്ന് കുറിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. എതിരെ നിൽക്കുന്നവരെയെല്ലാം 'പ്രശാന്തിനെ സസ്പെന്റ് ചെയ്ത പോലെ' നടപടിയെടുക്കുമെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി വിരട്ടാറുണ്ടെന്നും എൻ. പ്രശാന്ത് പോസ്റ്റിൽ പറയുന്നു. ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം അഭിപ്രായം പറയുന്നവരെയൊക്കെ പലവിധ കേസുകളിൽ കുടുക്കുമെന്ന ഗുരുതര ആരോപണവും പ്രശാന്ത് ഐഎഎസ് ഉന്നയിക്കുന്നുണ്ട്.
"കയ്യിൽ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയിൽ കിട്ടിയവനെ മർദിക്കുന്ന കുട്ടൻപിള്ളമാരിൽ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവർത്തിക്കുന്നവർ. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥർക്കും പൗരന്മാർക്കും എതിരെ ഉപയോഗിക്കുന്നതിൽ 'സാഡിസ്റ്റിക് പ്ലെഷർ' കണ്ടെത്തുവരാണിവർ,"കുറിപ്പിൽ പറയുന്നു. പൊലീസിന്റെ പേര് കളയുന്ന ജോർജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണ്. ഇവർക്കെതിരെ സംസാരിക്കുക എന്നത് പൗരധർമ്മമാണെന്നും എൻ. പ്രശാന്ത് കുറിച്ചു.
എൻ. പ്രശാന്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
ഡോ. ജയതിലക് എന്ന ജോർജ്ജ് സാർ
ഡോ.ബി. അശോകിന്റെ ട്രാൻസ്ഫർ ഉത്തരവിൽ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമുണ്ട് എന്ന് ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനും ഒറ്റവായനയിൽ മനസ്സിലാവും. ഒന്നുകിൽ അശേഷം നിയമ പരിജ്ഞാനമോ ബേസിക് അറിവോ ഇല്ലാത്ത വ്യക്തി, അല്ലെങ്കിൽ നിയമവ്യവസ്ഥയോട് പുച്ഛം മാത്രമുള്ള വ്യക്തി- രണ്ടിലൊരാൾക്കേ ഇപ്രകാരം പ്രവർത്തിക്കാനാവൂ. എണ്ണി നോക്കിയപ്പോൾ 7 ൽ അധികം റൂളുകൾ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അതിപ്പൊ കോടതിയും വ്യക്തമാക്കിയല്ലോ. കേസ് കോടതിയിലായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.
ജോലിയിലോ സർക്കാർ ഫയലുകളോ ശ്രദ്ധിക്കുന്നതിന് പകരം അധികാര സ്ഥാനത്തിരിക്കുന്നവരെ അവരുടെ ഭൃത്യനെപ്പോലെ വിധേയനായി സദാ കൂടെ നടന്ന് മണിയടിച്ച് 'ജീവിത വിജയം' നേടുന്നവരുടെ രീതിയാണിത്. അവർക്ക് നിയമമൊന്നും ബാധകമല്ല. ഡോ.ജയതിലകിനെ വിമർശിച്ചാൽ 'പ്രശാന്തിനെ സസ്പെന്റ് ചെയ്ത പോലെ' നടപടിയെടുക്കും എന്ന് ജൂനിയർ ഉദ്യോഗസ്ഥരെ ഒരുന്നതൻ മീറ്റിങ്ങിനിടെ വിരട്ടിയത് സെക്രട്ടേറിയറ്റ് സ്റ്റാഫ് പറഞ്ഞറിഞ്ഞു. അധികാര സ്ഥാനങ്ങൾ പകയും വിദ്വേഷവും തീർക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമാണെന്ന് വിശ്വസിക്കുന്നവരാണിത്. ചട്ടങ്ങൾ ഉദ്ധരിച്ച് സ്വന്തം അഭിപ്രായം പറയുന്നവരെയൊക്കെ ഇനിയും പലവിധ കേസുകളിൽ കുടുക്കുമത്രെ!
കയ്യിൽ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയിൽ കിട്ടിയവനെ മർദിക്കുന്ന കുട്ടൻപിള്ളമാരിൽ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവർത്തിക്കുന്നവർ. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥർക്കും പൗരന്മാർക്കും എതിരെ ഉപയോഗിക്കുന്നതിൽ 'സാഡിസ്റ്റിക് പ്ലെഷർ' കണ്ടെത്തുവരാണിവർ. പൊലീസിന്റെ പേര് കളയുന്ന ജോർജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണ്. ഇവർക്കെതിരെ സംസാരിക്കുക എന്നത് പൗരധർമ്മമാണ്. ഇത്രയൊക്കെ നഗ്നമായ നിയമലംഘനങ്ങൾ പുറത്ത് വന്നിട്ടും ഇതൊക്കെ ഐഎഎസിലെ 'തൊഴുത്തിൽ കുത്താണെന്നും പടലപ്പിണക്കമാണെന്നും' തലക്കെട്ട് ചമച്ച് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്ന പ്രബുദ്ധ കേരളത്തിലെ പൊതുപ്രവർത്തകരും മാധ്യമങ്ങളുമാണ് യഥാർത്ഥ ട്രാജഡി!
ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയുടെ, ഇതുവരെ പുറത്ത് വന്ന നിയമലംഘനങ്ങളുടെ പട്ടിക എടുത്താൽ ഇന്ന് മാധ്യമങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്ന ഏത് ഇടിയൻ പൊലീസിനെക്കാളും വരും! ഇരകളുടെ എണ്ണമെടുത്താൽ ഞെട്ടും. ഇത്തരക്കാർ സർവ്വീസിൽ തുടരുന്നത് നാടിന് തന്നെ ആപത്താണ്.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ചാൽ സാധാരണക്കാർക്കെതിരെ കേസെടുക്കും, നടപടിയുണ്ടാവും. സർക്കാർ സർവ്വീസിലിരിക്കെ നിയമം ലംഘിച്ചതിന് കോടതി പലതവണ കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥന് പട്ടും വളയും മാത്രമല്ല, അടുത്ത നിയമലംഘനം നടത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ടോ? ഡോ.ജയതിലക് എന്ന വ്യക്തി ചീഫ് സെക്രട്ടറി പദവിയിലിരുന്ന് കാട്ടിക്കൂട്ടുന്നതൊക്കെ സ്വന്തം നിലയ്ക്കാണോ? ഈ ഫയൽ പൊതുജനമധ്യത്തിൽ വരേണ്ടതാണ്.