
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. വിവാദ ഫോൺ വിളിയെ തുടർന്ന് പാലോട് രവി രാജി വെച്ചതിന് പിന്നാലെയാണ് എൻ. ശക്തൻ ഡിസിസി പ്രസിഡന്റ് ആകുന്നത്. പുനഃസംഘടന വരെ താല്‍ക്കാലിക ചുമതലയാണ് കെപിസിസി നേതൃത്വം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന് തിരുവനന്തപുരം ഡിസിസിയുടെ ചുമതല നല്‍കിയത്. മുന്‍ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ. 1982ൽ കോവളം മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2001, 2006 കാലഘട്ടത്തിൽ നേമത്ത് നിന്ന് വിജയിച്ച് എംഎല്‍എ ആയി. 2011ല്‍ കാട്ടാക്കടയില്‍ നിന്നാണ് മത്സരിച്ചത്. 2004-2006 കാലഘട്ടത്തില്‍ ഗതാഗത മന്ത്രിയായിരുന്നു.
അതേസമയം, രാജിക്ക് പിന്നാലെ ഔദ്യോഗിക പ്രതികരണത്തിന് പാലോട് രവി തയ്യാറായിട്ടില്ല. പരസ്യ പ്രതികരണം വേണ്ട എന്ന് നേതൃത്വം നിർദേശം നൽകിയെന്നാണ് വിവരം. എന്നാൽ പ്രാദേശിക നേതാവുമായുള്ള സംഭാഷണം ചോർന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് രവിക്കൊപ്പം നിൽക്കുന്നവർ പറയുന്നത്. തെരഞ്ഞെടുപ്പുകൾ അടുത്ത് നിൽക്കെ ഫോൺ സംഭാഷണം ചോർന്നത് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
എന്നാൽ, വിഷയം ചർച്ചയാക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. അനാവശ്യ വിവാദങ്ങൾ തിരിച്ചടി ആയെക്കുമെന്നും വിലയിരുത്തലുണ്ട്.