

പത്തനംതിട്ട: മൂഴിയാർ സർക്കാർ യുപി സ്കൂളിലെ 25 എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ഗ്രാന്റ് മുടങ്ങിയെന്ന ന്യൂസ് മലയാളം വാർത്ത പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. പട്ടികജാതി-പട്ടികവർഗ വകുപ്പാണ് ഗ്രാന്റ് നൽകേണ്ടത്. വിദ്യാഭ്യസ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന സ്ഥിതിക്ക് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വഴി ഗ്രാന്റ് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ വിദ്യാർഥികൾക്ക് ഗ്രാന്റ് വിതരണം തടസപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.
ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനുള്ള സർക്കാർ ഉത്തരവിനു ശേഷം അർഹതപ്പെട്ട ഒരാൾക്ക് പോലും ഗ്രാന്റ് ലഭിച്ചിരുന്നില്ല. കുട്ടികൾക്ക് ആധാർ കാർഡോ മറ്റ് അനുബന്ധ രേഖകളോ ജനന സർട്ടിഫിക്കറ്റോ പോലുമില്ലാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. സ്കൂൾ രേഖകൾ പരിഗണിച്ച് കുട്ടികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ ഇടപെടണമെന്നാണ് അധ്യാപകരും ആവശ്യപ്പെടുന്നത്.
1962ൽ തുടങ്ങിയ സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. പക്ഷെ പലരും ജനിച്ചത് വനത്തിന് ഉള്ളിൽ. ഇവർക്ക് ആധാർ കാർഡോ ജനന സർട്ടിഫിക്കറ്റോ ഒന്നുമില്ല. അതുകൊണ്ട് ഒരാൾക്ക് പോലും എസ്‍സി-എസ്‍ടി ഗ്രാൻ്റ് ലഭിക്കുന്നില്ല. സ്കൂളിൽ ഉള്ളത് ആകെ 31 കുട്ടികളാണ്. ഇതിൽ 19 വിദ്യർഥികൾ ആദിവാസി വിഭാഗത്തിൽ പെടുന്നതാണ്. ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെടുന്നതാണ് ആറ് കുട്ടികൾ. ഈ കുട്ടികൾക്ക് സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് അധ്യാപകർ പറയുന്നത്.