തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച പ്രധാനമന്ത്രി, കേരളത്തിലെ റെയിൽ ഗതാഗതം ഇന്ന് മുതൽ കൂടുതൽ ദൃഢമാകുമെന്നും വ്യക്തമാക്കി.
വികസിത ഭാരതമെന്ന ലക്ഷ്യത്തിന് രാഷ്ട്രം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു. ഈ ലക്ഷ്യത്തിൽ നഗരങ്ങൾക്ക് വലിയ പ്രധാന്യം നൽകുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന വഴി കേരളത്തിലെ നഗരങ്ങളിൽ 25 ലക്ഷം വീടുകൾ നൽകുന്നുണ്ട്. നഗരങ്ങളിലെ സാധാരണക്കാർക്ക് വീട് നിർമിച്ച് നൽകാൻ കേന്ദ്രത്തിന് സാധിച്ചു. 4 കോടി പുതിയ വീടുകൾ കേന്ദ്ര പദ്ധതിയിൽ നിർമ്മിച്ചു.1 കോടിയിലധികം വീടുകൾ നിർമ്മിച്ചത് നഗരങ്ങളിലാണ്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി, മെഡിക്കൽ സേവനങ്ങൾ നൽകാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്തിട്ടുണ്ട്. അതിൻ്റെ ഗുണം വഴിയോര കച്ചവടക്കാർക്ക് ലഭിക്കും. വഴിയോര കച്ചവടക്കാരുടെ അവസ്ഥ വളരെ മോശമായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഇവർക്ക് ബാങ്കിൽ നിന്ന് ലോൺ കിട്ടും. ലക്ഷകണക്കിന് ആളുകൾക്ക് ഈ പദ്ധതിയിലൂടെ ആദ്യമായി ലോൺ സൗകര്യം ലഭ്യമാകുമെന്നും മോദി പറഞ്ഞു. കേരളത്തിലെ 10,000 ത്തിലധികം വഴിയോര കച്ചവടക്കാർ പദ്ധതിയിലുണ്ട്. തിരുവനന്തപുരത്ത് 600 ലധിം ഗുണഭോക്താകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തെ ശാസ്ത്രം, ആരോഗ്യരംഗം, ഗവേഷണ മേഖലകളുടെ ഹബ്ബാക്കി മാറ്റാൻ പുതിയ പദ്ധതികൾ സഹായിക്കും. കേന്ദ്ര സർക്കാർ പൂർവാധികം ശക്തിയോടെ കേരളത്തിലെ ജനങ്ങളോടൊപ്പമാണ്. കേന്ദ്ര പദ്ധതികളുടെ പ്രയോജനം കേരളത്തിലെ വലിയൊരു വിഭാഗത്തിന് ലഭിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.