കേരളത്തിനു വേണ്ടാത്ത 'കേരള സ്റ്റോറി'; ദേശീയ അവാർഡ് ജൂറിക്ക് വിമർശനം

കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത സിനിമയെന്ന് മുഖ്യമന്ത്രി
ദ കേരള സ്റ്റോറി
ദ കേരള സ്റ്റോറിSource: X
Published on

കൊച്ചി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളക്കമേറിയ നേട്ടമാണ് മലയാള സിനിമകള്‍ നേടിയത്. മികച്ച സഹനടിക്കുള്ള പുരസ്കാരത്തിന് ഉർവശിയും മികച്ച സഹനടനുള്ള അവാർഡിന് വിജയരാഘവനും അർഹരായി. '2018' എന്ന സിനിമയ്ക്ക് കലാ സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ 'പൂക്കാലം' മികച്ച എഡിറ്റിങ്ങിനുള്ള അംഗീകാരം നേടി. പക്ഷേ, 'ദ കേരള സ്റ്റോറി'ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ഈ അവാർഡ് ശോഭയുടെ മാറ്റ് കുറയ്ക്കുന്നുവെന്നാണ് നേതാക്കളും മലയാളി പ്രേക്ഷകരും സമൂഹമാധ്യമങ്ങളില്‍ പറയുന്നത്.

നുണകളാല്‍ പടുത്ത സിനിമ

കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം, മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.

കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി'

കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി'യാണെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അഭിപ്രായം. കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയിൽ വർഗീയ വിദ്വേഷം പടർത്തിക്കൊണ്ട് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിട്ട 'ദി കേരള സ്റ്റോറി' എന്ന പ്രൊപ്പഗണ്ട സിനിമ ചെയ്തതിന് അതിൻ്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. നുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്. പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം നടത്താൻ മാത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് അവാർഡ് നൽകുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സർക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

ദ കേരള സ്റ്റോറി
'ദി കേരള സ്റ്റോറി'ക്ക് രണ്ട് ദേശീയ അവാർഡുകൾ; ജൂറിക്ക് പൊങ്കാലയിട്ട് ട്രോളന്മാർ!

ലക്ഷ്യം മതവിദ്വേഷം മാത്രം

ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിൻ ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പുരസ്കാരം നൽകിയത്. ഇത് അംഗീകരിക്കാനാകില്ല. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. വിഭജനത്തിൻ്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബിജെപിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചുവെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അഭിപ്രായം. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമയ്ക്ക് പുരസ്കാരം നൽകുന്നത് ഖേദകരമാണെന്നും മന്ത്രി പ്രസ്താവനയിറക്കി. കലയോടുള്ള നീതിയല്ലിത്, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, 'ദ കേരള സ്റ്റോറി' വസ്തുതകള്‍ തുറന്നുകാട്ടിയ സിനിമയാണെന്നായിരുന്നു 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനും സംവിധായകനുമായ അശുതോഷ് ഗോവാരിക്കറുടെ പ്രസ്താവന. ഐകകണ്ഠ്യേനയാണ് ചിത്രത്തിന് അവാർഡുകള്‍ നിശ്ചയിച്ചതെന്നും ജൂറി അധ്യക്ഷന്‍ വ്യക്തമാക്കി. മികച്ച സംവിധായകനും ഛായാഗ്രഹണത്തിനുമുള്ള അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com