തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണൽ മെഡിക്കൽ മിഷൻ അനുമതി നല്‍കി. 50 വീതം എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം തന്നെ ക്ലാസ് തുടങ്ങാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് യാഥാർഥ്യമായിരിക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് നാല് ജില്ലകളിലാണ് ഇതോടെ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാൻ കഴിഞ്ഞതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
"മെഡിക്കല്‍ കോളേജ് എന്നത് ഇരു ജില്ലകളിലേയും ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ഈ സർക്കാരിന്റെ കാലഘട്ടത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് കാസർഗോഡ് എന്നീ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സാധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സർക്കാർ നടത്തിയ ഇച്ഛാശക്തിയോടുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്," വീണാ ജോർജ് പഞ്ഞു. ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദിയും അറിയിച്ചു.