"കുട്ടിയുടെ കയ്യിലെ പ്ലാസ്റ്ററടക്കം കത്തിച്ചു"; അഷ്ക്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യണമെന്ന് അർഷിദിന്റെ മുത്തശ്ശി

കുട്ടിയെ കൊന്ന വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവും സഹോദരിയുമാണെന്നും മുത്തശ്ശി ആരോപിച്ചു
"കുട്ടിയുടെ കയ്യിലെ പ്ലാസ്റ്ററടക്കം കത്തിച്ചു"; അഷ്ക്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യണമെന്ന് അർഷിദിന്റെ മുത്തശ്ശി
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി അർഷിദിന്റെ അച്ഛന്റെ അമ്മ. അഷ്ക്കറിന്റെ മാതാവിനെയും സഹോദരിയും ചോദ്യം ചെയ്യണമെന്ന് മുത്തശ്ശി ഷീന ആവശ്യപ്പെട്ടു. തങ്ങളുടെ കുട്ടിയെ കൊന്ന വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവും സഹോദരിയുമാണ്. ഇരുവരും ചേർന്ന് കുട്ടിയുടെ കയ്യിലെ പ്ലാസ്റ്റർ അടക്കം കത്തിച്ചാണ് തെളിവ് നശിപ്പിച്ചത്. ഇരുവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചോദ്യം ചെയ്യണമെന്നും ഷീന ആവശ്യപ്പെട്ടു.

അതേസമയം, അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും. അഖിലയും കുഞ്ഞിനെ മർദിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ക്രൂര പീഡനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.

"കുട്ടിയുടെ കയ്യിലെ പ്ലാസ്റ്ററടക്കം കത്തിച്ചു"; അഷ്ക്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യണമെന്ന് അർഷിദിന്റെ മുത്തശ്ശി
ചിറയിൻകീഴ് സ്വദേശിയുടെ ദുരൂഹ മരണം, ആദ്യ ഭാര്യയോടുള്ള ക്രൂരത... ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം

അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഒന്നരവയസുകാരൻ അർഷിത് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെയും അഖിലയുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്ന് കണ്ട് അർഷിതിനെ ഒഴിവാക്കാൻ മൂന്നുമാസം മുൻപ് തീരുമാനിച്ചിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഒരു മാസത്തോളമായി നിരന്തരമായി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു.

ഒന്നരവയസുകാരൻ കൊടുംക്രൂരതയാണ് നേരിട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവ് കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദനവും മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാലിൽ പൊള്ളിച്ചതിൻ്റെ പാടുകളുണ്ടെന്നും കണ്ടെത്തി. രണ്ടാനച്ഛനായ അഷ്‌കർ, അർഷിദിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും മൊഴി നൽകിയിട്ടുണ്ട്. അമ്മ അഖില കുട്ടിയെ നോക്കാറേയില്ലെന്നും കുഞ്ഞിനെ ക്രൂരമായി മർദിക്കുമായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com