തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര ധനസഹായം നൽകി കെഎസ്ഇബി. 25000 രൂപയാണ് അടിയന്തര ധനസഹായമായി കുടുംബത്തിന് നൽകിയത്. സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ 25ന് യോഗം ചേരാനും തീരുമാനമായി.
കഴിഞ്ഞ ദിവസമാണ്, തിരുവനന്തപുരം പനയമുട്ടം സ്വദേശി അക്ഷയ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. റബ്ബറിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുതി ലൈനിൻ്റെ മുകളിലേക്ക് വീണാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു. കാലപ്പഴക്കം ചെന്ന പോസ്റ്റിന് സ്റ്റേക്കമ്പി പോലും ഉണ്ടായിരുന്നില്ല.
കാറ്ററിങ് ജോലി കഴിഞ്ഞ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ്. വീടിന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പാമ്പാടിയെന്ന സ്ഥലത്ത് വച്ചാണ് റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി അക്ഷയിയുടെ വണ്ടി മറിഞ്ഞത്. പുറകിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ രണ്ടുപേരും ചാടി മാറിയെങ്കിലും അക്ഷയ്ക്ക് രക്ഷപ്പെടാനായില്ല.