

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടേയെന്ന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവ്. മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. ആ കുടുംബങ്ങളുടെ നഷ്ടം നികത്താനാകാത്തതാണ്. താനും ഒരു അമ്മയാണ് എന്നത് പരിഗണിക്കണം. താൻ ഉള്ളിടത്തോളം കാലം മരിച്ചു പോയ കുട്ടികളുടെ കുടുംബത്തെ പിന്തുണയ്ക്കുമെന്നും നൂഹ സജീവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകട കേസിലെ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം. തുടർച്ചയായ നാല് ദിവസം അവധി ആയതിനാൽ ഹർജി സമർപ്പിക്കുന്നത് വൈകാനാണ് സാധ്യത. അതുവരെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച പുലര്ച്ചെയാണ് നെടുമ്പാശേരി എയര്പോര്ട്ട് വിഐപി റോഡില് നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില് അമിതവേഗതയിലെത്തിയ മിനി കൂപ്പര് കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.