

തിരുവനന്തപുരം: വാർത്താ ചാനലുകളുടെ ന്യൂസ് കാർഡുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെടുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവർണറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, എംഡിഎംഎ കേസിലെ പ്രതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
സമൂഹ മാധ്യമങ്ങളിൽ നിന്ന് സർക്കാറിനെ വിമർശിക്കുന്ന വാർത്തകൾ നീക്കം ചെയ്തതിൽ യാതൊരു പങ്കുമില്ലെന്ന് വിശദീകരിക്കുകയാണ് വീണ്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ യാതൊരുവിധ നിർദേശവും മെറ്റയ്ക്ക് നൽകിയിട്ടില്ല. മാത്രമല്ല വാർത്തകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റയോട് വിശദീകരണം തേടുകയോ, അവർ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"മെറ്റയയുമായി സർക്കാർ തലത്തിൽ ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് മെറ്റ നീക്കിയത് എന്നായിരുന്നു ആദ്യപ്രചാരണം. അവരുടെ അൽഗോരിതം അനുസരിച്ചുള്ള ലീഗൽ റിക്വയർമെൻ്റ് ആണ്. ഒരു വിശദീകരണവും സർക്കാരിന് നൽകിയിട്ടില്ല. അവരോട് ചോദിച്ചിട്ടുമില്ല. സർക്കാർ അല്ല അഫക്റ്റട് പാർട്ടി. ഒരു ജാതിമത സംഘടനകളും ഈ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തില്ല. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്ന സർക്കാർ അല്ല ഇത്," മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡാ ചന്ദ്രശേഖരനെ വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തെയും യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിൻ്റെ കാലത്തും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അക്കാലത്ത് ഉദ്യോഗസ്ഥർ പോയിട്ടില്ലെന്നും ഗവർണറുടെ നടപടിയിലെ അതൃപ്തി പിണറായി സർക്കാർ അറിയിച്ചിട്ടുണ്ടെന്നുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായി മറുപടി നൽകിയില്ല.
അതേസമയം, എംഡിഎംഎ കേസ് പ്രതികളുമായുള്ള ബന്ധത്തിൽ ഒളിച്ചുകളി തുടരുകയാണ് മുഖ്യമന്ത്രി. നവകേരള യാത്രയിലെ പൊലീസ് നടപടിക്ക് മുമ്പ് തന്നെ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയാണ് "എംഡിഎംഎ കേസ് പ്രതിയുമായി മുൻപും ഫോട്ടോ എടുത്തിരിക്കാം. ഞാൻ പരിചയപ്പെട്ട കാര്യമാണ് പറഞ്ഞത്. എന്നെ അയാൾ അതിനുമുമ്പ് വന്ന് കണ്ടിരിക്കാം," സതീശൻ പറഞ്ഞു.