പാലക്കാട്: നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു. പോത്തുണ്ടി സ്വദേശി പുഷ്പയാണ് നാട് വിട്ടത്. കൊലയ്ക്ക് ശേഷം സജിതയുടെ വീട്ടിൽ നിന്ന് ചെന്താമര വരുന്നത് കണ്ടത് പുഷ്പയാണ്. തന്നെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നതായി പുഷ്പ ന്യൂസ് മലയാളത്തോട് പറഞ്ഞു. ചെന്താമര ജയിൽമോചിതനാകുമോ എന്ന് ഭയമുണ്ടെന്നും അയാൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നും പുഷ്പ പറഞ്ഞു. കുടുംബത്തോടെയാണ് പുഷ്പ മറ്റൊരു സംസ്ഥാനത്തേക്ക് നാടുവിട്ടത്.
ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് സജിതയുടെ മക്കൾ പറഞ്ഞു. ചെന്താമര ജീവനോടെ ഉള്ളപ്പോൾ തങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. കോടതിയിൽവച്ച് കണ്ടപ്പോൾ ഉൾപ്പടെയുള്ള പെരുമാറ്റം പേടിപ്പിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.
നെന്മാറ സജിത വധക്കേസിൽ ഇന്ന് വിധിപറയും. സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും ചെന്താമര വെട്ടിക്കൊന്നത് സജിത കേസിലെ പരോളിനിടെയാണ്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് വിധി പറയുക.
അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.