

എറണാകുളം: താരസംഘടന അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത ഉൾപ്പെടെ ആരും രേഖാമൂലം രാജി നൽകിയിട്ടില്ലെന്ന് പുതിയ അഡ്ഹോക്ക് കമ്മിറ്റി. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. രാജി പ്രഖ്യാപിച്ചവർ അതിനെ കുറിച്ച് വിശദീകരിക്കണമെന്നും രമേഷ് പിഷാരടി എംഎൽഎ ആവശ്യപ്പെട്ടു.
ഇതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചര്‍ച്ച ഉയരുകയാണ്. അമ്മ ഓഫീസില്‍ രമേശ് പിഷാരടി എംഎല്‍എയുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേരുകയാണ്. മുന്‍ ഭാരവാഹികളില്‍ ചിലരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ പ്രസിഡൻ്റ് പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ഭരണസമിതിയിലെ 17 പേരും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ അവർ പൂർത്തിയാക്കിയിട്ടില്ലെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നിലവിലുള്ള ഭരണസമിതി രാജിവയ്ക്കാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്നാണ് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ രൂപീകരിച്ചിരുന്നത്. കെ. ബി. ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.