

കണ്ണൂര്‍: ന്യൂ മാഹി ഇരട്ട കൊലപാതകക്കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ വ്യക്തമാക്കി വിധിപ്പകര്‍പ്പ്. പ്രധാന ദൃക്‌സാക്ഷികളുടെ മൊഴികളില്‍ പോലും പൊരുത്തക്കേടുകളും വൈരുധ്യങ്ങളുമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസിലെ എല്ലാ പ്രതികളെയും തലശ്ശേരി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി മൊഴികള്‍ വിശ്വസനീയമല്ലെന്നും സാധൂകരിക്കാന്‍ തെളിവുകളില്ലെന്നും വ്യക്തമാക്കിയാണ് കേസിലെ എല്ലാ പ്രതികളെയും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. രണ്ടാം സാക്ഷിക്കൊപ്പം ഉണ്ടായിരുന്ന ആളെ കോടതിയില്‍ വിസ്തരിച്ചില്ല. ബോംബ് സ്‌ഫോടനം നടന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെ കേസില്‍ സാക്ഷിയാക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതിയായിരുന്ന കൊടി സുനി ബോംബ് എറിഞ്ഞെന്ന് ആദ്യം മൊഴികളില്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇക്കാര്യം കൂട്ടിച്ചേര്‍ത്തത്.
ആട് ഫാമിനുള്ളില്‍ വച്ച് വെട്ടിക്കൊന്നുവെന്നായിരുന്നു സാക്ഷിമൊഴികളെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിയില്ല. കൊല്ലപ്പെട്ട വിജിത്തും സിനോജും സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതിരുന്നതും വീഴ്ചയായി. കൊലപാതകം നടന്ന ആട് ഫാമില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകളുടെ സിഡിആര്‍ വിവരങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല.
എഫ്‌ഐആറില്‍ ആദ്യമുണ്ടായിരുന്ന ഭൂരിഭാഗം പ്രതികളും പിന്നീട് ഒഴിവായതും കോടതി പരാമര്‍ശിച്ചു. കൊലയില്‍ പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. നിഷ്പക്ഷ സാക്ഷികളുടെ മൊഴികള്‍ ഇല്ലാത്തത് ഗുരുതര വീഴ്ചയാണെന്നും വിധിയില്‍ പറയുന്നു. കേസിന്റെ പ്രധാനഘട്ടത്തില്‍ അന്നത്തെ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ആയിരുന്നു അന്വേഷണം നടത്തിയത്.