IMPACT | തെരഞ്ഞെടുപ്പിനായി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ കുടിശ്ശിക ഉടൻ തീർപ്പാക്കും; ഉത്തരവിറക്കി ധനവകുപ്പ്

ന്യൂസ് മലയാളം വാര്‍ത്ത നല്‍കി നാലാം മണിക്കൂറിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍
IMPACT | തെരഞ്ഞെടുപ്പിനായി വാടകയ്‌ക്കെടുത്ത  വാഹനങ്ങളുടെ കുടിശ്ശിക ഉടൻ തീർപ്പാക്കും; ഉത്തരവിറക്കി ധനവകുപ്പ്
Published on: 
Updated on: 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വാടകയ്‌ക്കെടുത്ത വാഹനങ്ങൾക്ക് പൊലീസ് ഇതുവരെ പണം നല്‍കിയില്ലെന്ന ന്യൂസ് മലയാളം വാര്‍ത്തയില്‍ ഇടപെട്ട് സര്‍ക്കാര്‍. 9, 53,91000 രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. വാടക ലഭിക്കാതെ പ്രതിസന്ധിയിലായ വാഹന ഉടമ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതുള്‍പ്പെടെ ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത നല്‍കി നാലാം മണിക്കൂറിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജീപ്പ്, കാർ, ട്രാവലർ, ബസ് തുടങ്ങിയ വാഹനങ്ങളാണ് പൊലീസിന് നൽകിയിരുന്നത്. സംസ്ഥാനത്താകെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും മാത്രമായി പത്ത് കോടിയിലധികം രൂപയാണ് പൊലീസ് നൽകാനുള്ളത്. വാടക ലഭിക്കാത്തതിനാൽ വാഹന ഉടമകളുടെ ബാങ്ക് വായ്പ തിരിച്ചടവുകൾ മുടങ്ങിയിരുന്നു. സമയബന്ധിതമായി ഇൻഷുറൻസോ റോഡ് ടാക്സോ അടയ്ക്കാനും ഫിറ്റ്‌നസ് പുതുക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു തൊഴിലാളികൾ.

IMPACT | തെരഞ്ഞെടുപ്പിനായി വാടകയ്‌ക്കെടുത്ത  വാഹനങ്ങളുടെ കുടിശ്ശിക ഉടൻ തീർപ്പാക്കും; ഉത്തരവിറക്കി ധനവകുപ്പ്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വാടകയ്‌ക്കെടുത്ത വാഹനങ്ങൾക്ക് പണം നൽകാതെ പൊലീസ്; കിട്ടാനുള്ളത് 10 കോടിയിലധികം രൂപ

വയനാട് ജില്ലയിൽ മാത്രം 43 ലക്ഷം കിട്ടാനുണ്ടെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. പൊലീസിനു വേണ്ടി വാഹനമോടിയതിന്റെ പണം ലഭിക്കാൻ പരാതി നൽകി മടുത്തെന്ന് സംഭവത്തിൽ പ്രതിഷേധിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ട്രാവൽസ് ഉടമ സതീഷ് ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു. തവണ വ്യവസ്ഥയിൽ വാങ്ങിയ വാഹനങ്ങളുടെ ഫൈനാൻസുകാർ വിളിക്കുമ്പോൾ ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും സതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും ഫണ്ട് കിട്ടിയില്ല. വിദ്യാവാഹിനി ഫണ്ടും ലഭിച്ചിട്ടില്ലെന്ന് സതീഷ് ബാബു ആരോപിച്ചു.

മറ്റു വകുപ്പുകൾ ഉപയോഗിച്ച സ്വകാര്യ വാഹനങ്ങൾക്ക് മെയ് മാസം തന്നെ വാടക നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ഫണ്ട് എത്തിയില്ലെന്ന പതിവ് മറുപടിയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും പൊലീസ് മേധാവികളുടെയും ഭാഗത്തുനിന്ന് ലഭിക്കുന്നത്.

News Malayalam 24x7
newsmalayalam.com