വാർത്തയെ വീണ്ടെടുത്ത രണ്ട് വർഷം; ന്യൂസ് മലയാളത്തിന് ഇന്ന് രണ്ട് വയസ്

മലയാളി കണ്ടുപരിശീലിച്ച മാധ്യമ മുറികളുടെ കെട്ടും മട്ടും മാറ്റിയാണ് ന്യൂസ് മലയാളം പ്രേക്ഷകർക്ക് മുന്നിലെത്തിയത്...
വാർത്തയെ വീണ്ടെടുത്ത രണ്ട് വർഷം; ന്യൂസ് മലയാളത്തിന് ഇന്ന് രണ്ട് വയസ്
Source: News Malayalam 24x7
Published on
Updated on

കൊച്ചി: മലയാള മാധ്യമ രംഗത്ത് വാർത്തയെ വീണ്ടെടുത്ത് ന്യൂസ് മലയാളം രണ്ടു വർഷം പൂർത്തിയാക്കുന്നു. മലയാളി കണ്ടുപരിശീലിച്ച മാധ്യമ മുറികളുടെ കെട്ടും മട്ടും മാറ്റിയാണ് ന്യൂസ് മലയാളം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വാർത്തയെ കേന്ദ്രബിന്ദുവാക്കി വസ്തുതകൾ നിരത്തി സംഭവങ്ങളെ അവതരിപ്പിച്ച ന്യൂസ് മലയാളത്തിന്റെ പുതുവഴി പ്രേക്ഷകർ ഹൃദയത്തിലേറ്റി. ആൾക്കൂട്ട ബഹളങ്ങളും, ആക്രോശങ്ങളുമില്ലാതെ ന്യൂസ് മലയാളം നൽകിയ വാർത്തകൾ ചർച്ചകളാണ്. സത്യാന്വേഷികളായ മനുഷ്യർ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ന്യൂസ് മലയാളത്തെ തേടിയെത്തി. വാർത്തയെ വീണ്ടെടുത്തുകൊണ്ടുള്ള ഈ യാത്ര മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രേക്ഷകർ അർപ്പിക്കുന്ന വിശ്വാസം കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന ഉറപ്പോടെ നമ്മളൊന്നിച്ച് മൂന്നാം വർഷത്തിലേക്ക്.

2024 മെയ് 29. പരമ്പരാഗത മാധ്യമങ്ങളുടെ വാർത്താപ്രളയത്തിൽ ശ്വാസം മുട്ടിയ മലയാളി വാർത്താ മാധ്യമങ്ങളെ സ്വീകരണ മുറിക്ക് പുറത്താക്കുമ്പോഴാണ് ന്യൂസ് മലയാളം പിറവിയെടുക്കുന്നത്. പൊടിപ്പും തൊങ്ങലും ചാർത്തിയ പ്രചാരണങ്ങളോ, അവതരണത്തിന്റെ അതിരുകടന്ന കോലാഹലങ്ങളോ ഇല്ലാതെ വാർത്തയെ വാർത്തയായി അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായി ഒരു പുതിയ ചാനൽ. സത്യം പറയാൻ, സത്യം കേൾക്കാൻ ഒരിടം.

പതിവ് മാധ്യമ കാഴ്ചകളുടെ നടന്നു മടുത്ത വഴികളുപേക്ഷിച്ച ന്യൂസ് മലയാളം പ്രേക്ഷകരെ പുതുവഴിയിലേക്ക് കൈപിടിച്ചു. വാർത്താവതരണത്തിന്റെ ഘടനയെ പൊളിച്ച് മുന്നേറ്റം. തലക്കെട്ടുകളുടെ എണ്ണം കൂട്ടി, കാമ്പില്ലാത്ത തമ്മിലടി ചർച്ചകൾ ഒഴിവാക്കി, കഥാപ്രസംഗങ്ങളും, വികാര വിക്ഷോഭങ്ങളുമില്ലാതെ മനുഷ്യർക്ക് മുന്നിൽ വാർത്തയെ എത്തിച്ചു. ലോകത്തിന്റെ ഏത് കോണിലെ വാർത്തയും മലയാളി പ്രേക്ഷകരുടെ പൂമുഖത്തെത്തി.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയാളക്കര കണ്ട മഹാസംഭവങ്ങളെല്ലാം ന്യൂസ് മലയാളത്തിന്റെ ക്യാമറയിലൂടെയായിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ നാൽക്കവലകളില് നിന്നും ന്യൂസ് മലയാളം റിപ്പോർട്ടർമാർ വസ്തുതകൾ വിളിച്ചു പറഞ്ഞു. കേരളക്കരയെ പിടിച്ചുലച്ച പ്രകൃതി ദുരന്തങ്ങളിൽ, ഉള്ളുലഞ്ഞ മനുഷ്യർക്കുവേണ്ടി ന്യൂസ് മലയാളത്തിന്റെ ശബ്ദമുയർന്നു. മലയാളിയുടെ ആഘോഷങ്ങൾ പൊടിപൊടിച്ചതും ന്യൂസ് മലയാളത്തിലൂടെ. കലാകൗമാരത്തിന്റെ ചൂടും ചൂരുമറിഞ്ഞ കലോത്സവ വേദികളിലും കായിക കേരളത്തിന്റെ കുതിപ്പിനൊപ്പവും ന്യൂസ് മലയാളം നിലകൊണ്ടു. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചതും ചിന്തിപ്പിച്ചതുമായ വാർത്തകളുടെ പരമ്പരകൾ. അവശതയനുഭവിച്ച മനുഷ്യരുടെ പ്രതീക്ഷയായി ബ്രേക്കിംഗ് വാർത്തകൾ. വ്യത്യസ്തത കോണുകളിൽ നിന്നും വാർത്തകളെ വിശകലനം ചെയ്ത് നിലപാട് വ്യക്തമാക്കി ഞങ്ങൾ കുതിച്ചു. അതിവേഗ വാർത്തകളിലൂടെ ചുരുങ്ങിയ സമയത്തിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക്. ഗ്രൗണ്ടിലെ ആവേശവും ഗാലറിയിലെ ആരവവും നിറച്ച സ്പോർട്സ് കോർണർ. വാർത്തയെ ആഴത്തിൽ പരിശോധിച്ച് ഞങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ വേരുറപ്പിച്ചു.

സമ്പൂർണവും വൈവിധ്യവുമായ വർത്തകളാൽ സമ്പന്നമായ ബുള്ളറ്റിൻ ലോകത്തെ കൂടുതലറിയാൻ പ്രേക്ഷകർക്ക് വഴി തുറന്നു. അതിലേക്ക് നയിച്ചതാകട്ടെ കരുത്തുറ്റ ന്യൂസ് മലയാളം ടീം. അനുഭവസമ്പത്തും, കാഴ്ചപ്പാടുമുള്ള നേതൃത്വം, വാർത്തകളെ വസ്തുതകളുമായി മാറ്റുരച്ച് കൃത്യത ഉറപ്പാക്കുന്ന റിപ്പോർട്ടർമാരും, ഡെസ്കും. കാലത്തിനും വേഗത്തിനുമൊപ്പം സഞ്ചരിക്കുന്ന ഡിജിറ്റൽ ടീം. സാങ്കേതിക തികവും മികവും നിറഞ്ഞ വാർത്ത അനുഭവമൊരുക്കുന്ന പിസിആർ, എഡിറ്റ്, ഗ്രാഫിക്സ്, ടെക്നിക്കൽ, ഇലക്ട്രിക്കൽ ടീം. രണ്ടുവർഷത്തിനിടെ റേറ്റിംഗിലും ന്യൂസ് മലയാളം തിളക്കം. കോട്ടകൾ പലതും തകർത്ത് മുന്നേറ്റം.

രണ്ടുവർഷം ചെറിയ കാലവും, ഹ്രസ്വയാത്രയുമല്ലെന്ന് തിരിച്ചറിയുന്നു. പ്രേക്ഷകർ അർപ്പിക്കുന്ന വിശ്വാസ്യതയും, ഉത്തരവാദിത്തവും കടുകിട തെറ്റാതെ സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന ഉറപ്പോടെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ് ന്യൂസ് മലയാളം.

News Malayalam 24x7
newsmalayalam.com