EXCLUSIVE | കഴിഞ്ഞ വര്‍ഷം ഒഴിവ് വന്നത് 52,209 സീറ്റുകള്‍; ഇക്കുറി പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ ആവശ്യമുണ്ടാകില്ല

മലപ്പുറം ജില്ലയിൽ ആറായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നതായും രേഖകൾ വ്യക്തമാക്കുന്നു
EXCLUSIVE | കഴിഞ്ഞ വര്‍ഷം ഒഴിവ് വന്നത് 52,209 സീറ്റുകള്‍; ഇക്കുറി പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ ആവശ്യമുണ്ടാകില്ല
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് ഇക്കുറി അധിക സീറ്റുകൾ ആവശ്യമുണ്ടാകില്ലെന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ന്യൂസ് മലയാളം. കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്ത് ഒഴിവ് വന്നത് 52,209 സീറ്റുകളാണ്. മലപ്പുറം ജില്ലയിൽ ആറായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നതായും രേഖകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി ക്ലാസിലേക്ക് 4,79,749 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ഇവരിൽ മെറിറ്റ്, മാനേജ്മെൻ്റ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 3,63,507 വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. 1,16,242 വിദ്യാർഥികൾ പ്രവേശനം നേടാനായില്ല. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ 52,209 സീറ്റുകളാണ് കഴിഞ്ഞവർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഒഴിഞ്ഞു കിടന്നത്.

മെറിറ്റിൽ മാത്രം 19,758 സീറ്റുകളിലാണ് ഒഴിവ് രേഖപ്പെടുത്തിയത്. ഇരുപത്തിയഞ്ചിൽ താഴെ മാത്രം വിദ്യാർഥികൾ പ്രവേശനം നേടിയ 598 ബാച്ചുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 85,538 വിദ്യാർത്ഥികളാണ് മലപ്പുറത്തുനിന്ന് പ്രവേശന അപേക്ഷ നൽകിയത്. ഇവരിൽ 68,152 പേർ മാത്രമാണ് പ്രവേശനം നേടിയത്. കണക്കുകൾ പ്രകാരം മലപ്പുറത്ത് 6,875 സീറ്റുകളും ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ച വയനാട് 703 സീറ്റുകളും ഒഴിഞ്ഞു കിടന്നു.

EXCLUSIVE | കഴിഞ്ഞ വര്‍ഷം ഒഴിവ് വന്നത് 52,209 സീറ്റുകള്‍; ഇക്കുറി പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ ആവശ്യമുണ്ടാകില്ല
തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ എത്തിച്ചു; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും വിമർശനം

മുൻ വർഷങ്ങളെ അപേക്ഷിച്ചിടത്തോളം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികളിൽ 20,336 പേരാണ് ഒന്നാംവർഷ പ്രവേശനം നേടിയത്. മുൻവർഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ കണക്കിലും വിദ്യാർഥികളുടെ എണ്ണം കുറയുന്നതാണ് കാണപ്പെട്ടത്. ഇത്തവണ 4,10,456 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 3,60,844 പ്ലസ് വൺ സീറ്റുകളും ലഭ്യമാണ്. ‌‌‌

മുൻ വർഷങ്ങളേക്കാൾ വിദ്യാർഥികളുടെ എണ്ണം കുറവായതിനാലും കണക്കുകളുടെ അടിസ്ഥാനത്തിലും അധിക സീറ്റുകൾ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് അധ്യാപകർ പറയുന്നു. ഒപ്പം ശാസ്ത്രീയമായ പരിശോധനകൾ നടത്താതെ സീറ്റുകൾ അനുവദിക്കരുത്. അല്ലാത്തപക്ഷം അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്നും സംഘടനകൾ വ്യക്തമാക്കുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

News Malayalam 24x7
newsmalayalam.com