

തിരുവനന്തപുരം: ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് തമ്പിയുടെ നിര്‍ണായക ഫോണ്‍ സംഭാഷണം ന്യൂസ് മലയാളത്തിന്. മരിക്കുന്നതിന് മുമ്പ് സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തു. ശരീരവും മനസും നല്‍കി. എന്നിട്ടും ബിജെപിയും ആര്‍എസ്എസും തന്നോട് ചെയ്യുന്നത് കണ്ടോ എന്ന് ആനന്ദ് വിഷമത്തോടെ ചോദിക്കുന്നു. എത്ര കൊമ്പന്മാരായാലും താന്‍ പോരാടുമെന്നും എന്ത് വിലകൊടുത്തും വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കുമെന്നും ആനന്ദ് സുഹൃത്തിനോട് പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.
'ഞാന്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ്. മത്സരിക്കാന്‍ തീരുമാനിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട്. ചുമതലയിലുള്ള സുഹൃത്തുക്കള്‍ക്ക് എന്നോട് പ്രശ്‌നമുണ്ടാകും. ഇത്രയൊക്കെ അപമാനിച്ചിട്ട് അവരെ വെറുതെവിടാന്‍ മനസ് അനുവദിക്കുന്നില്ല,' ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ഒരു കാര്യം ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് എന്ത് വിലകൊടുത്തും ചെയ്യുമെന്നും അത് തന്നെ വ്യക്തിത്വമാണെന്നും ആനന്ദ് പറയുന്നു. തന്റെ പണം, മനസ്, ശരീരം തുടങ്ങി എല്ലാം സംഘടനയ്ക്ക് കൊടുത്തിട്ടും അവര്‍ കാണിക്കുന്നത് കണ്ടില്ലേ എന്നാണ് ആനന്ദ് ചോദിക്കുന്നത്.
ആനന്ദിന്റെ ആത്മഹത്യാകുറിപ്പിലെ നേതാക്കള്‍ക്ക് എതിരായ പരാമര്‍ശം ചര്‍ച്ചയാവുന്നതിനിടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിലുള്ളത്.
ബിജെപി, ആര്‍എസ്എസ് നേതാക്കളെയോ പ്രവര്‍ത്തകരെയോ മൃതദേഹം കാണിക്കരുതെന്നാണ് മരിക്കുന്നതിന് മുന്‍പുള്ള ആനന്ദിന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇന്നലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിനെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനന്ദ് തമ്പിയെന്ന പേര് പോലും കേള്‍ക്കുന്നത് ആദ്യമായാണെന്നാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പ്രവര്‍ത്തകന്‍ മരിക്കാനിടയായ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആനന്ദ് തമ്പിക്ക് സ്ഥാനാര്‍ഥിത്വം നിരസിച്ചു എന്നതില്‍ വസ്തുതയില്ലെന്നാണ് ബിജെപി നേതാവും കൊടുങ്ങാനൂരിലെ സ്ഥാനാര്‍ഥിയുമായ വി.വി. രാജേഷ് പറഞ്ഞത്. വാര്‍ഡിലെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആനന്ദിന്റെ പേരില്‍ ഇല്ലായിരുന്നു എന്നും രാജേഷ് പറഞ്ഞു.
അതേസമയം ആനന്ദിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തൃക്കണ്ണാപുരത്തെ വീട്ടില്‍ വൈകിട്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍.