ഉടമസ്ഥൻ അറിയാതെ ബാങ്ക് മാനേജർ മറ്റൊരു സ്ഥാപനത്തിൽ പണയപ്പെടുത്തിയ സ്വർണം, ന്യൂസ് മലയാളം വാർത്തയെ തുടർന്ന് തിരിച്ചു കിട്ടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോയിയ്ക്കാണ് ദേശസാൽകൃത ബാങ്കിൻ്റെ മണ്ണന്തല ശാഖ മാനേജറുടെ ചതിയിൽ നീതി ലഭിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടും സ്വർണം തിരിച്ചു നൽകാൻ ബാങ്ക് മാനേജരോ, സ്വകാര്യ ഫിനാൻസ് സ്ഥാപനമോ തയാറായിരുന്നില്ല. ന്യൂസ് മലയാളം ഇംപാക്ട്.
മകൻ്റെ ചികിത്സയ്ക്കായി 2024 ജൂണിലാണ് വട്ടപ്പാറ സ്വദേശി ജോയി മണ്ണന്തലയിലെ ദേശസാൽകൃത ബാങ്കിൽ 13 പവൻ പണയപ്പെടുത്തിയത്. 4 ലക്ഷത്തി 44000 രൂപയ്ക്ക് പണയപ്പെടുത്തിയ സ്വർണത്തിന്മേൽ കൂടുതൽ തുക ആവശ്യപ്പെട്ട് ജോയി വീണ്ടും ബാങ്ക് മാനേജരെ സമീപിച്ചു. ബാലരാമപുരത്തെ സ്വകാര്യ സ്ഥാപനത്തെ സമീപിക്കാൻ ആയിരുന്നു ബാങ്ക് മാനേജരുടെ നിർദേശം.
ഇതനുസരിച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും 47000 രൂപയും ജോയ് കൈപ്പറ്റി. പണം ലഭിച്ചപ്പോൾ സ്വർണ്ണം തിരികെ എടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് ചതി മനസിലായത്. ബാങ്കിലും മാനേജർ പറഞ്ഞ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലും ജോയി മാസങ്ങൾ കയറിയിറങ്ങി. പൊലീസിൽ നൽകിയ പരാതിയിലും നടപടിയായില്ല.
സ്വർണത്തിനായി 6,7 മാസം നടന്നിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ ന്യൂസ് മലയാളം വാർത്ത വന്നതോടെ പൊലീസ് നടപടിയുൾപ്പെടെ ഊർജ്ജിതമായി. ജോയിക്കും കുടുംബത്തിനും നീതി ലഭിച്ചെലും കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. ബാങ്ക് മാനേജരും ഫിനാൻസ് സ്ഥാപനവും തമ്മിൽ നടത്തിയ ഇടപാടുകളിലാണ് കൂടുതൽ പരിശോധന.