തിരുവനന്തപുരം: ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന 108 ആംബുലൻസുകളുടെ അവസ്ഥ തന്നെ അപകടം വിളിച്ചുവരുത്തും വിധമായാൽ എന്തുചെയ്യും? തിരുവനന്തപുരത്ത് സർവീസ് നടത്തുന്ന 108 ആംബുലൻസുകളിൽ അടുത്തിടെ ടെസ്റ്റ് കഴിഞ്ഞ് ഇറങ്ങിയവയ്ക്ക് പോലും നല്ല ടയറുകളില്ല. ആകെയുള്ള 29 ആംബുലൻസുകളിൽ 25ലും എസി പ്രവർത്തിക്കുന്നില്ല. ഓക്സിജൻ സിലിണ്ടറുകൾ തുരുമ്പെടുത്തിരിക്കുന്നു. അണുനശീകരണം പോലും സമയത്ത് നടത്തുന്നില്ല. തെളിവുകൾ ന്യൂസ് മലയാളം പുറത്തുവിടുന്നു.
അടിയന്തരഘട്ടങ്ങളിൽ ചികിത്സയ്ക്കായി രോഗികളുമായി ചീറിപ്പായുന്ന 108 ആംബുലൻസിന്റെ നേർചിത്രമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. കാര്യങ്ങൾ ഇവ്വിധമാണെങ്കിലും, വാഹനങ്ങളുടെ കാര്യത്തിൽ വീഴ്ച വരുത്താറില്ലെന്നാണ് ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ വിശദീകരണം.
നേരത്തെ ആലപ്പുഴയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് 108 ആംബുലൻസ് കത്തി നശിച്ചിരുന്നു. മാനദണ്ഡങ്ങളിൽ പറയുന്നത് പോലെ അല്ലാതെ ഓക്സിജൻ സിലിണ്ടർ സൂക്ഷിച്ചിരിക്കുന്നതും കാണാം. ഈ അടുത്ത ദിവസങ്ങളിൽ ടെസ്റ്റ് കഴിഞ്ഞ് ഇറക്കിയ വാഹനത്തിന്റെ അടിവശത്ത് വെള്ളം വീണാൽ അത് വാഹനത്തിനുള്ളിലേക്കും കയറും.
തേഞ്ഞു തീർന്ന ടയറുമിട്ടാണ് ആംബുലൻസ് ചീറി പായുന്നത്. ഈ ടയറിൽ ഓടിയാണ് ടെസ്റ്റ് പാസായത് എന്നതുമോർക്കണം. ടെസ്റ്റ് പാസാകാൻ സഹായിച്ചത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്നത് വ്യക്തം.
അപകടത്തിൽപ്പെട്ടവരെ എടുത്തു കഴിഞ്ഞ ശേഷവും ഗുരുതര രോഗങ്ങൾ ഉള്ളവരെ ആശുപത്രിയിൽ എത്തിച്ചു കഴിഞ്ഞശേഷവും വാഹനം സ്ഥിരമായി അണുനശീകരണം നടത്താറില്ല. പകരം ഡെറ്റോൾ സ്പ്രേ ചെയ്താൽ മതിയെന്നാണ് കൊടുത്തിരിക്കുന്ന നിർദേശം. ഏതെങ്കിലും ജീവനക്കാർക്ക് രക്തക്കറ കഴുകി കളയണം എന്ന് തോന്നിയാൽ അത് ഉണങ്ങാനും എടുക്കും മണിക്കൂറുകൾ. ഈ വെള്ളത്തിൽ തന്നെ അടുത്ത രോഗിയെ എടുക്കേണ്ടിയും വരും.
ഇതിൽ തീരുന്നില്ല 108 ആംബുലൻസുകളുടെ ദുരവസ്ഥ. 108 ആംബുലൻസ് വിളിക്കുന്ന ഒരു രോഗിക്ക് സ്വകാര്യ ആശുപത്രിയിൽ പോകണമെങ്കിൽ കോൾ സെന്ററിൽ നിന്ന് അനുമതി വാങ്ങണം. അനുമതി വാങ്ങുന്ന പ്രക്രിയയ്ക്ക് 15 മിനുട്ട് വരെ കാലതാമസവും ഉണ്ട്. രോഗി ആവശ്യപ്പെടുമ്പോൾ പോലും അതിന് കൃത്യമായി പ്രതികരിക്കാതെ ഫോൺ കട്ട് ചെയ്യും.
അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട 108 ആംബുലൻസുകൾ പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായും തെളിവുകളുണ്ട്. ഒരു ആശുപത്രിയിൽ കിടക്ക ഇല്ലെങ്കിൽ രോഗിയെ നേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യും. കയറ്റിവിടുന്നത് 108 ആംബുലൻസിൽ. അങ്ങനെ എത്തിക്കുന്ന രോഗിക്ക് ഒരു ഗുരുതരാവസ്ഥയും ഇല്ല എന്ന് കണ്ടെത്തി മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചയച്ച സംഭവങ്ങളുമുണ്ട്.
ചുരുക്കത്തിൽ ഓടിക്കിടച്ച് തളർന്ന അവസ്ഥയിലാണ് 108 ആംബുലൻസുകൾ. എന്നാൽ ഇതേക്കുറിച്ച് നടത്തിപ്പ് ചുമതലയുള്ള കമ്പനിയോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെയാണ്. ജീവനക്കാർ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. തേഞ്ഞുതീർന്ന ടയറിനെ കുറിച്ചോ തുരുമ്പേടുത്ത ഓക്സിജൻ സിലിണ്ടറിനെ കുറിച്ചോ ഉള്ള പ്രത്യേക വിവരം ഒന്നും ഇല്ല.
സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് തുടക്കത്തിൽ തന്നെ ആവശ്യപ്പെടുന്നവർക്ക് അതിനുള്ള അനുമതി കൊടുക്കാറുണ്ട്. ജീവനക്കാർ ആവശ്യപ്പെട്ടാൽ അത് നൽകില്ല കാരണം ചില ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽനിന്ന് കൈമടക്ക് വാങ്ങുന്നു എന്നുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്. ടെൻഡർ കാലാവധി കഴിയാറായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങുമെന്നും കമ്പനി അധികൃതർ പറയുന്നു.