കേരളമാകെ ഉറ്റുനോക്കിയ നിലമ്പൂർ ഉപതെഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായി. പോളിങ് പൂർത്തിയായപ്പോൾ 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകീട്ട് 5 മണി വരെ 70.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു.ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. 59 പുതിയ പോളിംങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംങ് സ്റ്റേഷനുകളാണ് നിലമ്പൂരിൽ ഒരുക്കിയിരുന്നത്.
മഴയിലും ചോരാത്ത ആവേശമാണ് നിലമ്പൂരിലുടനീളമുള്ള പോളിംങ് ബൂത്തുകളിൽ ദൃശ്യമായത്. നാടിളക്കി നടത്തിയ പ്രചരണം ഫലം കണ്ടെന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന വോട്ടിംഗ് ശതമാനമാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും.
മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് സ്ഥാനർഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. മണ്ഡലത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടത്താൻ സാധിച്ചു എന്നാണ് ഇടതുപക്ഷത്തിൻ്റെ പ്രതികരണം.എം. സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന ആത്മവിശ്വാസം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതെല്ലാം ഹൃദയത്തിൽ നിന്നാണെന്നും വോട്ട് ലക്ഷ്യമിട്ടല്ലെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും പി വി അൻവർ പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി മോഹൻജോർജ് വോട്ട് ശതമാനം വർധിപ്പിക്കാനാകുമെന്ന ശുഭപ്രതീക്ഷയാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.
വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഗോത്രവർഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെൻ്റർ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകൾ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിരുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിലമ്പൂർ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ചുങ്കത്തറ മാർത്തോമാ സ്കൂളിലും പ്രത്യേക കൺട്രോൾ റൂമുകൾ ഒരുക്കിയിരുന്നു.ഇതുകൂടാതെ റസ്റ്റ് ഹൗസിൽ മീഡിയാ മോണിറ്ററിംഗ് കൺട്രോൾ റൂമും വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമും പ്രവർത്തന സജ്ജമാക്കിയിരുന്നു.
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കൻ്ററി സ്‌കൂളിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത് . നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണെങ്കിലും പി. വി. അൻവർ പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന ആശയക്കുഴപ്പം അവസാനനിമിഷവും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. സ്ഥാനാർഥികളെല്ലാം വിജയപ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ, മണ്ഡലത്തിൻ്റെ മനസ് ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി മൂന്നുനാൾ കാത്തിരിക്കണം.