നിലമ്പൂരില്‍ ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ച്; വസ്തുതാ വിരുദ്ധമായി പഴി പറയുന്നുവെന്ന് KSEB

ഇലക്ട്രിക് ഷോക്കാണ് അനന്ദുവിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.
Anandu died of shock in Nilambur
നിലമ്പൂരില്‍ ഷോക്കേറ്റ് മരിച്ച അനന്ദുSource: Screen Grab/ News Malayalam 24x7
Published on

നിലമ്പൂർ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സി. അലവിക്കാണ് അന്വേഷണ ചുമതല. ഇലക്ട്രിക് ഷോക്കാണ് അനന്ദുവിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.

കേസിലെ മുഖ്യപ്രതി വെള്ളക്കെട്ട സ്വദേശി വിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രതി സ്ഥിരമായി വന്യമ്യഗങ്ങളെ കെണിവെച്ച് പിടികൂടുന്നയാളാണ്. വിനീഷ് ഒറ്റയ്ക്കാണ് വൈദ്യുതിക്കെണി വെച്ചതെന്നും പൊലീസ് വ്യക്തമാക്കി. വിനീഷ് പതിവായി വൈദ്യുതി മോഷണം നടത്തി പന്നിക്കെണി വയ്ക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാള്‍ പന്നിക്കെണി വെച്ച സ്ഥലത്ത് പൊലീസ് പരിശോധനയും നടത്തി.

Anandu died of shock in Nilambur
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യയ്ക്ക് കേസ്; രണ്ട് പേർ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. അനന്ദുവിന് ഒപ്പം യദു കൃഷ്ണ, ഷാനു, വിജയ് എന്നിവർക്കും ഷോക്കേറ്റിരുന്നു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെന്‍സിങ്ങിന് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അനന്ദുവിന്റെ വയറിന്റെ പല ഭാഗത്തായി വൈദ്യുതി ഷോക്ക് മൂലം പൊള്ളാലേറ്റ പാടുകളുണ്ട്. വയറിന്റെ വശത്തു ഗുരുതരമായി പൊള്ളലേറ്റിരുന്നു.

സംഭവത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈദ്യുതി മോഷണം എന്ന പരാതി കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നോ എന്ന് പരിശോധിക്കും. കെഎസ്ഇബിയെ കുറ്റം പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

വിശദീകരണവുമായി കെഎസ്ഇബിയും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്നും അതില്‍ കെഎസ്ഇബിയെ പഴി പറയുന്നത് വസ്തുതാ വിരുദ്ധവും അപലപനീയവുമാണെന്നാണ് കെഎസ്ഇബിയുടെ പ്രതികരണം. സിംഗിൾ ഫേസ് ലൈനിൽ നിന്ന് നോട്ട് ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചാണ് ലൈൻ വലിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂർ വഴിക്കടവിൽ മൂന്നു കുട്ടികൾക്ക് ഷോക്കേൽക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.

ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെ എസ് ഇ ബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.

വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും, പിഴയും, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ് .സ്വകാര്യ വ്യക്തി/വ്യക്തികൾ കാട്ടിയ നിയമലംഘനത്തിന് കെ എസ് ഇ ബി യെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com