കേരളം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുത്ത്. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായിരുന്നു. പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. 2,32,381 സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. ജൂൺ 23 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആര്യാടൻ മുഹമ്മദിൻ്റെ മണ്ണിൽ ജനവിധി തേടാന്‍ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എല്‍ഡിഎഫിനായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ എം. സ്വരാജും എത്തി. ഒരു മുന്നണിയിലേക്കും പോകാതെ, തൃണമൂല്‍ കോണ്‍ഗ്രസിനായി മത്സരിക്കാന്‍ അന്‍വറും കച്ചകെട്ടിയതോടെയാണ് നിലമ്പൂരിലെ അങ്കത്തട്ടില്‍ പോര് മുറുകിയത്. തൃണമൂലിനായി മത്സരിക്കാന്‍ സാധിക്കാതെ വന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറും കളംപിടിക്കാനിറങ്ങിയതോടെ, ചതുഷ്കോണ മത്സരത്തിനുള്ള സാധ്യതയുമേറി. ആദ്യം മടിച്ചെങ്കിലും പിന്നീട് മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി ബിജെപിയും ഏറനാടന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറ്റി. ആവേശമൊട്ടും കുറയാതെയാണ് മുന്നണികളും സ്വതന്ത്രരും ജനവിധിക്കായി കാതോര്‍ക്കുന്നത്.
2025ലെ വോട്ടർ പട്ടിക പ്രകാരം 2,32,381 സമ്മതിദായകരാണ് നിലമ്പൂരിലുള്ളത്. അതിൽ 1,13,613 പുരുഷ വോട്ടർമാരും, 1,18,760 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. എട്ട് ട്രാന്‍സ് ജെന്‍ഡേഴ്സും മണ്ഡലത്തിലുണ്ട്. 7,787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ഹോംവോട്ടിങ്ങിന് അനുമതി ലഭിച്ച 1254 പേരുടെ വോട്ടെടുപ്പ് ജൂണ്‍ 16ന് പൂര്‍ത്തിയായിയായിരുന്നു. 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
2021ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവറിന് 81,227 വോട്ടാണ് ലഭിച്ചത്. അതായത് പോൾ ചെയ്തതിൻ്റെ 47 ശതമാനം വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥിയായ വി.വി. പ്രകാശിന് 78,527 (45.5 %) വോട്ടും, ബിജെപി സ്ഥാനാർഥി അഡ്വ. ടി.കെ. അശോക് കുമാറിന് 8595 (5 %) വോട്ടും, എസ്‌ഡിപിഐ സ്ഥാനാർഥി കെ. ബാബു മണിക്ക് 3281 (1.9 %) വോട്ടുമാണ് ലഭിച്ചത്.
1965ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം നിന്ന നിലമ്പൂർ 17,914 വോട്ടുകളാണ് കെ. കുഞ്ഞാലിക്കു നൽകിയത്.1967 ലെ തെരഞ്ഞെടുപ്പിലും കെ. കുഞ്ഞാലിയെ തന്നെ ജനങ്ങൾ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയച്ചു. 1969 ൽ നിലമ്പൂരിൻ്റെ ആദ്യ എംഎൽഎ വെടിയേറ്റ് മരിച്ചുവീഴുന്നതിന് മണ്ഡലം സാക്ഷിയായി.
1970 ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ യുഡിഎഫിനൊപ്പം മണ്ഡലം നിന്ന മണ്ഡലം 1971ലും, 1977ഉം വലതിനൊപ്പം തന്നെ നിലകൊണ്ടു. 1980 ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു.1982ൽ നടന്ന തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തി കൊണ്ട് ഇടതു സ്വതന്ത്രനായ ടി.കെ. ഹംസയെ ജനങ്ങൾ തെരഞ്ഞെടുത്തു. പിന്നീട് 1987 പൊതുതെരഞ്ഞെടുപ്പ് മുതൽ 2016 വരെ നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നു.
2016 ലെ തെരഞ്ഞെടുപ്പിൽ സ്ഥിതി മാറി.കേരളത്തിലാകെ അലയടിച്ച ഇടതു തരംഗത്തിൽ നിലമ്പൂരിൽ ഇടതുപക്ഷം തിരിച്ചുപിടിച്ചു. 77,858 വോട്ട് നേടിക്കൊണ്ട് ഇടതു സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂരിനെ ഇടതിനേൽപ്പിച്ചു. തുടർന്ന് 2021ലെ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പി.വി. അൻവറിനെ തന്നെ തെരഞ്ഞെടുപ്പ് കളത്തിലിറക്കി. ഇടതിൻ്റെ കണക്കു ക്കൂട്ടലുകൾ അന്ന് പിഴച്ചില്ല. 81,227 വോട്ട് നേടിക്കൊണ്ട് അൻവർ ഇടതിൻ്റെ അടിത്തറ ഉറപ്പിച്ചു.
ഒരു നഗരസഭയും ഏഴ് പഞ്ചായത്തുകളും ചേർന്നതാണ് നിലമ്പൂർ നിമയസഭാ മണ്ഡലം. നിലമ്പൂർ നഗരസഭ,വഴിക്കടവ്, മൂത്തേടം , എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം, എന്നിവയാണ് ഇതിലുൾപ്പെടുന്നത്. 2021ൽ വഴിക്കടവ് പഞ്ചായത്തിൽ ഇടതു സ്വതന്ത്രനായ പി. വി. അൻവറിന് 13471 വോട്ടുകളും, യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന് 13436 വോട്ടുകളുമാണ് ലഭിച്ചത്. 35 ശതമാനത്തിൻ്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് വഴിക്കടവിൽ നിന്നും ലഭിച്ചത്. മൂത്തേടം പഞ്ചായത്തിൽ 76.17 % വോട്ടാണ് രേഖപ്പെടുത്തിയത്. അതിൽ പി.വി. അൻവറിന് 6851 വോട്ടും വി.വി.പ്രകാശിന് 8654 വോട്ടുമാണ് ലഭിച്ചത്. 1803 വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.
74.18 % വോട്ടാണ് എടക്കരയിൽ പോൾ ചെയ്തതത്. അതിൽ 7788 വോട്ട് പി.വി. അൻവറിന് ലഭിച്ചു. 7885 വോട്ട് വി.വി. പ്രകാശിനും ലഭിച്ചപ്പോൾ 97 ശതമാനം വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. പോത്തുകല്ല് പഞ്ചായത്തിൽ 74.94% വോട്ടാണ് രേഖപ്പെടുത്തിയത്. അതിൽ 8319 വോട്ട് എൽഡിഎഫിനും 7813 വോട്ട് യുഡിഎഫിനും ലഭിച്ചു. എൽഡിഎഫിന് ലഭിച്ച 506 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫിന് എടക്കരയിൽ നിന്നും ലഭിച്ചത്.
ചുങ്കത്തറയിൽ 75.05% പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ 10669 വോട്ട് എൽഡിഎഫിനും, 10969 വോട്ട് യുഡിഎഫിനും ലഭിച്ചപ്പോൾ, 300 വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫ് സ്വന്തമാക്കി. നിലമ്പൂർ നഗരസഭയിൽ 72.80% വോട്ട് രേഖപ്പെടുത്തിയതിൽ 13564 വോട്ട് എൽഡിഎഫിന് ലഭിച്ചു. 12051 യുഡിഎഫിന് ലഭിച്ചപ്പോൾ, 1513 ൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു.
കരുളായി പഞ്ചായത്തിൽ പോൾ ചെയ്തത് 77.16% വോട്ടായിരുന്നു. ഇതിൽ 7605 വോട്ട് എൽഡിഎഫിനും 6159 വോട്ട് യുഡിഎഫിനും ലഭിച്ചപ്പോൾ 1446 വോട്ടിൻ്റെ ഭൂരിപക്ഷം കരുളായി പഞ്ചായത്ത് എൽഡിഎഫിന് സമ്മാനിച്ചു. അമരമ്പലത്ത് 77.07% വോട്ടാണ് രേഖപ്പെടുത്തിയത്. അതിൽ 11238 വോട്ട് എൽഡിഎഫിനും 9746 വോട്ട് യുഡിഎഫിനും,ലഭിച്ചപ്പോൾ 1492 വോട്ടിൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു.
2016 ലെ കണക്ക് പരിശോധിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിന് 77,858 (48.3 %) വോട്ടും, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 66,354 (41.2%) വോട്ടും, ബിഡിജെഎസ് സ്ഥാനാർഥി ഗിരീഷ് മേക്കാട്ടിന് 12,284 (7.6%) വോട്ടും, എസ്‌ഡിപിഐ സ്ഥാനാർഥി കെ.ബാബു മണിക്ക് 4,751 (3.0%) വോട്ടുമാണ് ലഭിച്ചത്.