
കൊച്ചി: സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയിരുന്ന സാമുവൽ ജെറോമിനെ തള്ളി തലാൽ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. നിമിഷപ്രിയ കേസിൽ സാമുവല്‍ ജെറോം ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ആരോപണം.
മാധ്യമങ്ങളോട് പറയും പോലെ സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നു. മധ്യസ്ഥത എന്ന പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തിൽ സാമുവൽ ജെറോം വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് ആരോപിച്ചു. നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെ സാമുവലിനെ കണ്ടെന്നും സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, കേരളത്തിലെ മാധ്യമങ്ങളില്‍ തലാലിന്റെ കുടുംബത്തിന് ദിയാധനമായി നല്‍കാന്‍ സാമുവല്‍ ഇരുപതിനായിരം ഡോളർ ആവശ്യപ്പെട്ടതായി കണ്ടതായും ഇയാള്‍ കൂട്ടിച്ചേർത്തു.
"ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല, ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ വിളിച്ചിട്ടില്ല, ഒരു ടെക്സ്റ്റ് മെസ്സേജും അയച്ചിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു....ഞങ്ങൾക്ക് സത്യം അറിയാം, കള്ളം പറയുന്നതും വഞ്ചിക്കുന്നതും നിർത്തിയില്ലെങ്കിൽ ഞങ്ങൾ അത് തുറന്നുകാട്ടും", അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.
തലാലിന്റെ കുടുംബവുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയ സാമുവൽ ജെറോം അവകാശപ്പെട്ടിരുന്നത്. തലാലിന്റെ പിതാവുമായും സഹോദരനുമായും സംസാരിച്ചിരുന്നുവെന്നാണ് സാമുവൽ ജെറോം പറഞ്ഞിരുന്നത്. പിന്നീട് ഇങ്ങനെ സംസാരിച്ചിട്ടില്ലെന്ന് സാമുവല്‍ തന്നെ സ്ഥിരീകരിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിന് 40,000 ഡോളർ (38 ലക്ഷം) ആക്ഷന്‍ കൗണ്‍സില്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ പണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ 2024 ഡിസംബറില്‍ ഇയാള്‍ ആക്ഷന്‍ കൗണ്‍സിലില്‍ നിന്ന് സ്വമേധയാ പുറത്തുപോകുകയായിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിന്റെയും ഇടപെടല്‍ ഇല്ലെന്ന് സാമുവല്‍ ജെറോം പറഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നതെന്നായിരുന്നു സാമുവലിന്റെ നിലപാട്.
ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കൊലപാതക കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളു വഴി കാന്തപുരം എപി അബൂബക്കർ നടത്തിയ ഇടപെടലാണ് വധശിക്ഷ മാറ്റി വയ്ക്കാൻ കാരണമെന്നാണ് പുറത്തുവന്ന വിവരം. യെമന്‍ മാധ്യങ്ങളും ഇത് വാർത്തയാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സർക്കാർ ഇത്തരം ഒരു ഇടപെടല്‍ നടന്നിട്ടില്ലെന്നാണ് അറിയിച്ചത്.