പാലക്കാട് മണ്ണാര്‍ക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക അവധി നല്‍കും.
ഇതുസംബന്ധിച്ച പാലക്കാട് ജില്ലാ കളക്ടര്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും
കഴിഞ്ഞ ദിവസമാണ് പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകന് നിപ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.
നിപ ബാധിച്ച് മരിച്ച 57 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളും നിലവില്‍ ക്വാറന്റീനില്‍ ആണ്. അതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.