

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നിപ രോഗിയ്ക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്ന് നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് ആന്റിബോഡി നൽകിയത്. നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ് നിപ ബാധിച്ചയാൾ. രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്നു ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. അതിനിടെ സമ്പർക്കപ്പട്ടികയിൽ ഉള്‍പ്പെട്ട് ക്വാറന്റൈനിൽ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവില്‍ ആകെ ആറ് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. നിപ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം രോഗബാധിതൻ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 46 വീടുകളിൽ കൂടി ഇന്ന് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.