

കണ്ണൂർ: കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ നിതിൻ രാജിൻ്റെ ദുരൂഹ മരണത്തിൽ കടുത്ത നടപടിയെടുത്ത് ആശുപത്രി മാനേജ്‌മെൻ്റ്. പരക്കെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡിയായ എം.കെ. റാമിനെ ചുമതലയിൽ പുറത്താക്കി.
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെൻ്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു.
നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡോ. റാമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ചെരുപ്പിട്ട് വന്ന വിദ്യാർഥിയെ 'കോളനി' എന്ന് വിളിക്കുകയും ഗോത്രവർഗക്കാരനെ പോലെ ഇരിക്കുന്നുവെന്ന് പരിഹസിക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ക്ലാസിൽ ബോഡി ഷെയ്മിങ് നടത്താറുണ്ട്. ഇയാൾ വിദ്യാർഥികളെ ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിച്ച് അപമാനിച്ചിരുന്നു.
മീറ്റിങ്ങിന് രക്ഷിതാക്കൾ വന്നാൽ പോലും അവരോടും മോശമായാണ് പെരുമാറിയിരുന്നത്. രക്ഷിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് അവരോട് സംസാരിക്കുകയെന്നും റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ലെന്നും അയാൾ ഒരു മൃഗമാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു.