വയനാട്: ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷർ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പത്മജ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പത്മജയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അമ്മ വലിയ മാനസിക സമ്മർദത്തിലായിരുന്നു എന്ന് മകനും പറഞ്ഞു.
'കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇര കൂടി' എന്നെഴുതിയായിരുന്നു പത്മജ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആറ്-ഏഴ് മാസമായി പിടിച്ചുനിൽക്കുന്നു, ഇനിയും സഹിക്കാൻ പറ്റില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പത്മജ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപെട്ടെന്നും കെപിസിസി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും പത്മജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പത്മജ വലിയ മാനസിക സമ്മർദത്തിലായിരുന്നു എന്ന് മകൻ പറയുന്നു. മര്യാദയ്ക്ക് ജീവിച്ചുകൊണ്ടിരുന്ന കുടുംബം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം അച്ഛച്ചൻ മരിച്ചു, പിന്നീട് ഇളയച്ഛൻ, അച്ഛന് വയ്യാതെയായി, ഇപ്പോഴിതാ അമ്മയും ആശുപത്രിയിൽ. കോൺഗ്രസ് കുടുംബത്തെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എൻ.എം. വിജയൻ്റെ മരണത്തിന് പിന്നാലെ കോൺഗ്രസ് നൽകിയ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായെന്നായിരുന്നു പത്മജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണെന്നും പത്മജ പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനോടുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടമായെന്നും പത്മജ പറഞ്ഞു.
45 ഉദ്യോഗാർഥികൾക്ക് വേണ്ടിയാണ് പട്ടയം പണയം വെച്ചതെന്ന് മരണത്തിന് മുൻപായി എൻ.എം. വിജയൻ എഴുതിയ കത്തിൽ പറയുന്നുണ്ട്. പട്ടയം വെച്ച സ്ഥലം കോൺഗ്രസ് എടുത്തു തന്നേ പറ്റൂ. നിലവിൽ രണ്ടരക്കോടിയുടെ ബാധ്യതയാണ് ഉള്ളത്. സംഭവത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി.
സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് തന്നെ കൊന്നൊടുക്കുകയാണെന്ന് ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പത്മജ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ വിശ്വസിക്കുന്നവർ മരിക്കുമ്പോൾ, കള്ളൻമാർ വെള്ളയു വെള്ളയും ധരിച്ച് നടക്കുകയാണെന്നും അവർ വിമർശിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)