തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിലെ അതിജീവിതയ്ക്കെതിരായ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലാണ് അപേക്ഷ തള്ളിയത്. ഈ മാസം 10ന് കോടതിയിൽ ഹാജരാക്കണം. ഇതുവരെ അന്വേഷണം നടന്നില്ലെന്നും പ്രതിയുടെ നിസഹകരണവും കോടതി ചൂണ്ടിക്കാട്ടി.
പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുൽ കോടതിയെ അറിയിച്ചു.
ഇനി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. അതിജീവിതകൾക്കെതിരെ ഇനി പോസ്റ്റിടില്ല, ഇട്ടതെല്ലാം പിൻവലിച്ചുവെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ അറിയിച്ചു.
എന്നാൽ കേസുമായി രാഹുൽ സഹകരിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ സൈബർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സൈബർ പൊലീസിന്റെ നീക്കം. ജാമ്യം നൽകിയാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിക്കുകയായിരുന്നു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10ന് കസ്റ്റഡിയിൽ വേണം, ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല, ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.