കണ്ണൂർ: റൺവേ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും സ്ഥലത്തിന്റെ വിലയോ നഷ്ടപരിഹാരമോ നൽകാതെ സർക്കാരിന്റെ ക്രൂരത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന 249 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 169 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതിൽ 11 കുടുംബങ്ങൾ ഇപ്പോൾ പെരുവഴിയിലാണ്. രോഗികളും ജപ്തി ഭീഷണി നേരിടുന്നവരും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്.
റൺവേയിൽ നിന്ന് മേഘക്കീറുകൾക്കിടയിലേക്ക് വിമാനങ്ങൾ ഇങ്ങനെ പറന്നുപോകുമ്പോൾ താഴെ ലേഖയുൾപ്പെടെ നിരവധിപ്പേരുടെ കരച്ചിലും കണ്ണീരും മൂകസാക്ഷിയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ ഒൻപത് വർഷത്തിനിപ്പുറവും നടപ്പാകാത്തതോടെ ദുരിതത്തിലായ മനുഷ്യരെ കാണാം മട്ടന്നൂരിലെ കോളിപ്പാലം കാനാട്, നല്ലാണി പ്രദേശങ്ങളിൽ. സ്വന്തം ഭൂമി സർക്കാരിന്റെ കയ്യിലെത്തിയിട്ടും ഒരു രൂപ പോലും പ്രതിഫലമായോ നഷ്ടപരിഹാരമായോ ലഭിക്കാത്തവർ. രോഗവും ബാധ്യതകളും തളർത്തി ജീവിതത്തിന് മുന്നിൽ നിസഹായരായി നിൽക്കുന്നവർ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള റൺവേ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ 2016ലാണ് ഭരണാനുമതി ലഭിക്കുന്നത്. 249 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. പിന്നാലെ വിജ്ഞാപനം ഇറങ്ങിയതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലായി. എന്നാൽ യഥാർത്ഥ ഉടമസ്ഥർക്ക് പണം നൽകാൻ നടപടി ഉണ്ടായില്ല. ഇതോടെ 249 ഏക്കർ ഭൂമി ആർക്കും ഉപകാരപ്പെടാതായി. 169 കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. പലരും സ്വന്തം വീടുകളിൽ നിന്നിറങ്ങിയത് എങ്ങോട്ടെന്ന് പോലുമറിയാതെ. വാടക വീടുകളിലേക്ക് മാറിയവർ സ്വന്തം നിലക്ക് വാടക നൽകേണ്ട ഗതിയുമായി. പലരും പലവഴിക്ക് പോയപ്പോൾ പോകാൻ ഇടമില്ലാതായ 11 വീട്ടുകാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. അവരുടെ വീടുകൾ കാടുകയറിയും തകർന്നു വീണും നശിച്ചു. 75 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിട്ടും മരിച്ചപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി പൊതുദർശനം നടത്തേണ്ടി വന്ന തമ്പായി അമ്മയെ ഓർക്കുമ്പോൾ മകൾ ലേഖയ്ക്ക് കരച്ചിലടക്കാനായില്ല.
ഇതൊരു ലേഖയുടെ മാത്രം അനുഭവമല്ല. അധികൃതരുടെ മെല്ലെപ്പോക്കിലും പിഴവുകളിലും ഇവിടുത്തെ ഓരോ മനുഷ്യർക്കും പറയാൻ ഓരോ ദുരനുഭവങ്ങളുണ്ട്. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുഞ്ഞിപ്പുരയിൽ നസീറ ജപ്തി ഭീഷണിക്ക് മുന്നിലാണ് പകച്ചു നിൽക്കുന്നത്. 3050 മീറ്റർ റൺ വെ 4000 മീറ്റർ ആക്കാനാണ് കിയാലിന്റെ പദ്ധതി. എന്നാൽ ഇതിനാവശ്യമായ 249 ഏക്കർ ഭൂമിയുടെ വിലയും, നഷ്ടപരിഹാരവും ഏഴ് വർഷത്തെ പലിശയുമടക്കം 900 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഇപ്പോഴും ധാരണയില്ല.
മുഖ്യമന്ത്രിയുൾപ്പെടെ ജനപ്രതിനിധികൾക്ക് മുന്നിലും മനുഷ്യാവകാശ കമ്മീഷന് മുന്നിലുമൊക്കെ എത്തിയെങ്കിലും ഇവരുടെ പ്രശ്‌നപരിഹാരം മാത്രം ടേക്ക് ഓഫ് ചെയ്തില്ല. അതേസമയം ഇതേ പ്രദേശത്ത് കിൻഫ്ര മുഴുവൻ പണവും നൽകി ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇനിയും പ്രശനത്തിന് പരിഹാരമില്ലെങ്കിൽ വഴിമുട്ടിയ മനുഷ്യർ എന്തും ചെയ്തേക്കുമെന്ന അവസ്ഥയിലാണ്.