ചെളിയും വഴുക്കലും നിറഞ്ഞ ദുർഘട വഴികൾ; വയനാട്ടിലെ കാട്ടുനായ്ക്ക വിഭാഗം ദുരിത ജീവിതത്തിൽ

കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഇരുപതോളം കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വർഷങ്ങളായി കഴിയുന്നത്.
 No infrastructure,  tribe community in Wayanad lives in misery
വയനാട്ടിലെ കാട്ടുനായ്ക്ക വിഭാഗം ദുരിത ജീവിതത്തിൽ
Published on: 
Updated on: 

വയനാട്: വയനാട് അമ്പുകുത്തി ഉന്നതിയിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് റോഡില്ലാത്ത കൊടിയ ദുരിതമനുഭവിക്കുന്നത്. മഴക്കാലം ശക്തമായാൽ പ്രദേശവാസികളുടെ ജീവിതം വീണ്ടും ദുരിതത്തിലാകും. അമ്പുകുത്തിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം ചെങ്കുത്തായ വഴിയിലൂടെ നടന്ന് വേണം ഇവർക്ക് പുറത്ത് എത്താൻ.

റോഡ് സൗകര്യമില്ലാത്തതിനാൽ മഴക്കാലത്ത് ചെളിയും വഴുക്കലും നിറഞ്ഞ ഈ വഴി അതീവ അപകടകരമാകും. രോഗികളെയോ വയോധികരെയോ ആശുപത്രിയിലെത്തിക്കേണ്ടി വന്നാൽ വലിയ പ്രതിസന്ധിയാകും. രാത്രികാലങ്ങളിൽ കസേരയിൽ ഇരുത്തിയോ ചുമന്നോ മലമ്പാതയിലൂടെ താഴേക്കെത്തിച്ചാണ് ആളുകളെ ചികിത്സക്ക് കൊണ്ടുപോകുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ ദിവസവും അപകടം നിറഞ്ഞ ഈ വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. മഴ പെയ്താൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും തലയിൽ ചുമന്നാണ് വീടുകളിലെത്തിക്കുന്നത്.

റോഡ് സൗകര്യമില്ലാത്തതുകൊണ്ട് തന്നെ പല കുടുംബങ്ങൾക്കും വീടുപണി പൂർത്തിയാക്കാൻ പോലും കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിൽ വർഷങ്ങളായി ദുരിതം സഹിച്ച് കഴിയുന്ന ഉന്നതി നിവാസികൾക്ക്, എത്രയും വേഗം റോഡ് നിർമിച്ച് നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

News Malayalam 24x7
newsmalayalam.com