കൊല്ലം: കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയ ലോറിക്ക് മണ്ണ് എടുക്കാനുള്ള പാസ് ഇല്ലെന്ന് കളക്ടർ ആനി ജൂല തോമസ്. ലോറി അമിത വേഗതയിൽ ആണോ വന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.
രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും ടിപ്പർ ലോറികൾ, ചരക്കു ലോറികൾ ഇവ ഓടാൻ പാടില്ലെന്ന നിയമം നിലനിൽക്കേ ആണ് ഇത്തരമൊരു സംഭവം ഉണ്ടായത്. നിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇത്തരം ലോറികൾ നിരത്തുകളിൽ ഓടുന്നത്. നിയമവിരുദ്ധമായാണ് വാഹനം ഓടിച്ചത്. വണ്ടിയിൽ ഓവർലോഡ് ആയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചത്. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാർ (50) എന്നിവരായിരുന്നു മരിച്ചത്. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ടിപ്പർ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.