സംസ്ഥാന സർക്കാർ അനുകൂല നിലപാടിൽ മാറ്റമില്ല, കോൺഗ്രസിനോട് നീരസം അറിയിച്ച് എൻഎസ്എസ്; അനുനയ ശ്രമങ്ങൾ തുടർന്ന് കോൺഗ്രസ്

ആഗോള അയ്യപ്പസംഗമത്തിന് അനുകൂലമായി എൻഎസ്എസ് നിലപാട് എടുത്തതോടെയാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയത്
സംസ്ഥാന സർക്കാർ അനുകൂല നിലപാടിൽ മാറ്റമില്ല, കോൺഗ്രസിനോട് നീരസം അറിയിച്ച് എൻഎസ്എസ്; അനുനയ ശ്രമങ്ങൾ തുടർന്ന് കോൺഗ്രസ്
Published on

കൊച്ചി: കോൺഗ്രസിൻ്റെ അനുനയനീക്കൾക്ക് വഴങ്ങാതെ എൻഎസ്എസ് നേതൃത്വം. സമദൂരം വിട്ട് ഇടതിനോട് അടുത്ത എൻഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ എത്തിയ കോൺഗ്രസ് നേതാക്കളോട് ജി. സുകുമാരൻ നായർ നീരസം തുറന്നുപറഞ്ഞു എന്നാണ് സൂചന. പെരുന്നയിൽ കൂടിക്കാഴ്ചക്കായി എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം നേതാക്കളോടാണ് സുകുമാരൻ നായർ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. എൻഎസ്എസ് നിലപാടിനെ ബഹുമാനിക്കുന്നുവെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആഗോള അയ്യപ്പസംഗമത്തിന് അനുകൂലമായി എൻഎസ്എസ് നിലപാട് എടുത്തതോടെയാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയത്. അയ്യപ്പസംഗമത്തെ തുറന്നെതിർക്കാനാണ് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീടതിനെ തള്ളാനും കൊള്ളാനും ആകാത്ത നിലയിലേക്ക് കോൺഗ്രസിനേയും യുഡിഎഫിനേയും കൊണ്ടെത്തിച്ചത് എസ്എൻഡിപിക്ക് പുറമേ എൻഎസ്എസും സർക്കാർ നയത്തോടൊപ്പം തന്നെയെന്ന തീരുമാനം വന്നതോടെയാണ്. എൻഎസ്എസ് നേതൃയോഗത്തിൽ സർക്കാർ അനുകൂല നിലപാട് ജനറൽ സെക്രട്ടറി തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് കോൺഗ്രസ് നേതൃത്വം തിരക്കിട്ട സമവായശ്രമങ്ങൾ തുടങ്ങിയത്. കൊടിക്കുന്നിൽ സുരേഷും പിന്നീട് പി.ജെ. കുര്യനും പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടിരുന്നു.

സംസ്ഥാന സർക്കാർ അനുകൂല നിലപാടിൽ മാറ്റമില്ല, കോൺഗ്രസിനോട് നീരസം അറിയിച്ച് എൻഎസ്എസ്; അനുനയ ശ്രമങ്ങൾ തുടർന്ന് കോൺഗ്രസ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ; പിൻവലിക്കുക 1047 കേസുകൾ

ഇന്നലെ വൈകുന്നേരം തിരുവഞ്ചൂർ രാധാകൃഷ്ണനും എത്തി അരമണിക്കൂറോളം ചർച്ച നടത്തി. അനുനയ നീക്കങ്ങൾക്ക് സുകുമാരൻ നായർ വഴങ്ങിയില്ലെന്ന് മാത്രമല്ല, അതൃപ്തി തുറന്ന് പ്രകടിപ്പിച്ചു എന്നാണ് വിവരം. വിശ്വാസ പ്രശ്നങ്ങളിൽ കോൺഗ്രസ് എൻഎസ്എസുമായി കൂടിയാലോചന നടത്തിയിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല എന്നതിലടക്കമുള്ള നീരസവും എൻഎസ്എസ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. മുൻകാലങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ എൻഎസ്എസുമായി ഇക്കാര്യങ്ങളിൽ ആശയ വിനിമയം നടത്തിയിരുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി കോൺഗ്രസ് നേതാക്കളെ ഓർമിപ്പിച്ചു. സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്നാണ് തിരുവഞ്ചൂരിൻ്റെ പ്രതികരണം.

എൻഎസ്എസിൽ നിന്ന് കിട്ടിയ പ്രതികരണം ആശാവഹമല്ലെന്നാണ് തിരുവഞ്ചൂരിൻ്റെ വാക്കുകളിൽ പ്രതിഫലിക്കുന്നതെങ്കിലും അനുനയ നീക്കങ്ങൾ തുടരാൻ തന്നെയാണ് കോൺഗ്രസിൻ്റെ തീരുമാനം. അതേസമയം അനുനയത്തിനായി കോൺഗ്രസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് എൻഎസ്എസ് നേതൃത്വം തുടക്കം മുതലേ അകൽച്ചയിലാണ്. വിശ്വാസ പ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല എന്ന് തുടങ്ങിയ വിമർശനങ്ങൾ പരസ്യമായി ഉന്നയിച്ചതും വി.ഡി. സതീശനോടുള്ള നീരസത്തിൻ്റെ തുടർച്ചയിലാണ്. എൻഎസ്എസിനോട് അടുപ്പമുള്ള നേതാക്കളോടും നയം മാറ്റമില്ല എന്ന സൂചന എൻഎസ്എസ് നൽകിയതോടെ സമുദായത്തിൻ്റെ സർക്കാർ അനുകൂല നിലപാട് തത്കാലം തുടരും എന്ന് ഉറപ്പായി.

സംസ്ഥാന സർക്കാർ അനുകൂല നിലപാടിൽ മാറ്റമില്ല, കോൺഗ്രസിനോട് നീരസം അറിയിച്ച് എൻഎസ്എസ്; അനുനയ ശ്രമങ്ങൾ തുടർന്ന് കോൺഗ്രസ്
ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി പിരിച്ചത് കോടികൾ; കണക്കുകൾ പരിശോധിച്ച് ദേവസ്വം വിജിലൻസ്

സർക്കാർ അനുകൂല നയം മാറ്റത്തിൽ സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് പ്രതിഷേധം ഇതിനിടയിലും തുടരുന്നുണ്ട്. നെയ്യാറ്റിൻകര, കോട്ടക്കൽ എൻഎസ്എസ് കരയോഗം കെട്ടിടങ്ങൾക്ക് മുന്നിൽ നിലപാടിൽ അസംതൃപ്തരായവർ സുകുമാരൻ നായരെ കട്ടപ്പയോട് ഉപമിക്കുന്ന ഫ്ലക്സുകൾ വച്ചു. പ്രതിഷേധ പോസ്റ്ററുകൾ പതിച്ചു. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഓഫീസിനു മുന്നിൽ അയ്യപ്പൻ്റെ ചിത്രത്തിൽ മാല ചർത്തി, ശരണം വിളികളോടെ വിവിധ കരയോഗങ്ങളിൽ നിന്ന് എത്തിയവർ പരസ്യ പ്രതിഷേധവും നടത്തി. അതേസമയം തിരുവനന്തപുരം ശ്രീവരാഹത്ത് ജി. സുകുമാരൻ നായരെ അനുകൂലിച്ചും ചിലർ ബാനറുകൾ സ്ഥാപിച്ചു. സുകുമാരൻ നായരുടേയും വൈസ് പ്രസിഡൻ്റ് സംഗീത് കുമാറിൻ്റേതും ധീരമായ നിലപാടെന്നാണ് ഫ്ലക്സിലെ വാചകം. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല എന്ന വിമർശനത്തോടെ ബിജെപിക്ക് എതിരായ നീരസവും നിലപാടും സുകുമാരൻ നായർ പരസ്യമാക്കിയിരുന്നെങ്കിലും ബിജെപി നേതൃത്വം ഇതുവരെ അനുനയ ശ്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com